റിയാദ്: സൗദി അറേബ്യയിൽ മൂന്നു പ്രമുഖ രാജകുമാരന്മാരെ തടവിലാക്കി. രാജാവിനും കിരീടാവകാശിക്കുമെതിരേ അട്ടിമറി നീക്കം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
സൽമാൻ രാജാവിന്റെ ഇളയ സഹോദരൻ അഹമ്മദ് ബിൻ അബ്ദുൾ അസീസ് അൽ സൗദ്, പഴയ കിരീടാവകാശിയും മുൻ ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ നായെഫ്, ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ നവാഫ് ബിൻ നായെഫ് എന്നിവരെയാണ് തടവിലാക്കിയത്.
ശിരച്ഛേദനമോ ജീവപര്യന്തം തടവോ ശിക്ഷ കിട്ടാവുന്ന രാജ്യദ്രോഹക്കുറ്റമാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തനിക്കെതിരായവരെയെല്ലാം ഒതുക്കുന്നതിന്റെ ഭാഗമാണിതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിരവധി രാജകുടുംബാംങ്ങളെയും ബിസിനസുകാരെയും കൂട്ടമായി തടവിലാക്കിക്കൊണ്ടാണു മുഹമ്മദ് രാജകുമാരൻ രണ്ടരവർഷം മുൻപ് തന്റെ സ്ഥാനം ഉറപ്പിച്ചത്.
സൽമാൻ രാജാവിന്റെ സഹോദരൻ പരേതനായ നായെഫ് ബിൻ അബ്ദുൾ അസീസിന്റെ പുത്രൻ സമീപകാലത്തു വലിയ ദൗത്യങ്ങളൊന്നും ഇല്ലാതെ കഴിയുകയായിരുന്നു.
മുഹമ്മദ് ബിൻ നായെഫ് 2015 മുതൽ ’17 വരെ കിരീടാവകാശിയായിരുന്നു. മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയാക്കിയതോടെ മുഹമ്മദ് ബിൻ നായെഫിനെ എല്ലാ ഔദ്യോഗിക പദവികളിലും നിന്നും നീക്കിയിരുന്നു.
രാജാവിന്റെ സഹോദരൻ മുഹമ്മദ് ഏറെക്കാലം ലണ്ടനിലായിരുന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തെതുടർന്നുളവായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം തിരികെ സൗദിയിലെത്തിയത്.