അരീക്കോട്: വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന സൗഹാൻ എന്ന പതിനഞ്ചുകാരനെ കാണാതായിട്ട് മൂന്നു മാസം പിന്നിടുന്നു.
പോലീസും നാട്ടുകാരും ദിവസങ്ങളോളം നടത്തിയ തെരച്ചിലുകൾക്കു ഫലമുണ്ടായില്ല. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും മകനെ കണ്ടുകിട്ടാതെ ആശങ്കയിലും ദു:ഖത്തിലും കഴിയുകയാണ് മാതാപിതാക്കൾ.
ഉൗർങ്ങാട്ടിരി വെറ്റിലപ്പാറ ചൈരങ്ങാട് സ്വദേശി ഹസന്റെയും ഖദീജയുടെയും മകനായ മുഹമ്മദ് സൗഹാനെ ഓഗസ്റ്റ് 14 നാണ് കാണാതായത്.
മാനസിക വൈകല്യമുള്ള കുട്ടി അന്ന് വൈകീട്ട് വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ കുരങ്ങൻമാരെ നോക്കി നിൽക്കുന്നതാണ് പരിസരവാസികൾ അവസാനമായി കണ്ടത്.
സന്ധ്യയായിട്ടും സൗഹാൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
വീടിനടുത്തുള്ള വനത്തിലേക്ക് കയറിപ്പോയിരിക്കാമെന്നാണ് ആദ്യം കരുതിയത്. രാത്രി വൈകും വരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പിന്നീടുള്ള ദിവസങ്ങളിൽ പോലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും വനം മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
പിന്നീട് തെരച്ചിൽ മന്ദഗതിയിലായി. ദിവസങ്ങൾ പിന്നിട്ടതോടെ സൗഹാൻ നാട്ടിൽ ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
മറ്റെവിടെയോ എത്തിപ്പെട്ടിരിക്കാമെന്നാണ് ഉൗഹിക്കുന്നത്. അപകടത്തിൽ പെട്ടതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടു പോയതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കുട്ടിയെ കാണാതായതിനു തലേ ദിവസം വീടിനു സമീപത്തെ റോഡിനോട് ചേർന്നു ഒരു കാർ നിറുത്തിയിട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്നു തൊട്ടടുത്തുള്ള അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
ഇതു സംബന്ധിച്ചും പോലീസ് അന്വേഷിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന അഭിപ്രായം വീട്ടുകാർ ഉയർത്തുന്നുണ്ട്.
അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് സൗഹാനു വേണ്ടി രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി കണ്‍വീനർ അബൂബക്കർ പറഞ്ഞു.
അത്തരം സമീപനങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാൽ അന്വേഷണത്തിൽ നിസംഗത തുടരുന്നുവെന്നതാണ് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്.
അന്വേഷണത്തിന്റെ വിശദവിവരങ്ങൾക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറുമെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും അരീക്കോട് ഇൻസ്പെക്ടർ സി.വി ലൈജുമോൻ പറഞ്ഞു.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുമെന്നു ആക്ഷൻ കമ്മിറ്റി കണ്‍വീനർ പറഞ്ഞു.