തൃശൂർ: മനസാക്ഷിയെ നടുക്കിയ സൗമ്യ കേസ് പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്റെ പട്ടികയിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചതും വെറുതെ വിട്ടതുമായ പ്രധാന കേസുകളുടെ വിശകലനം കൂടി ഉൾപ്പെടുത്തണമെന്ന സംസ്ഥാന പോലീസ് മേധാവി ഡോ.ടി.പി.സെൻകുമറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കേസ് പോലീസ് ട്രെയിനിംഗിലെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
കേരള പോലീസ് അക്കാദമി ഡയറക്ടർ, പോലീസ് ട്രെയ്നിംഗ് കോളജ് പ്രിൻസിപ്പൽ എന്നിവർക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതലുള്ള കാര്യങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തും. അന്വേഷണത്തിലെ പഴുതുകളും തകരാറുകളം എന്തെല്ലാമായിരുന്നുവെന്നതും നേരിട്ടുള്ളതും ശാസ്ത്രീയമായതുമായ തെളിവുകളും സാഹചര്യ തെളിവുകളും പൊതുവായ ഉദ്ദേശ്യങ്ങളും ഗൂഢാലോചനകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നോ എന്ന കാര്യവും പരിശീലന കാലയളവിൽ വിശകലനം ചെയ്യണമെന്നാണ് നിർദ്ദേശം.
സൗമ്യ കേസ് പോലെ അന്തിമവിധി പ്രസ്താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തനായി പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തണമെന്നാണ് ഡിജിപി നിർദ്ദേശം നൽകിയിട്ടുള്ളത്. വധശിക്ഷ ഒഴിവാക്കിയതിന്റെ കാരണങ്ങളെന്തെല്ലാം, കേസന്വേഷണവും വിചാരണയുമായി ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാനുള്ള കാരണങ്ങൾ എന്തെല്ലാം എന്നിവയും പരിശീലനത്തിൽ വിശദീകരിക്കണം. ഇത്തരം കേസുകളിൽ ഭാവിയിൽ ഉൾക്കൊള്ളേണ്ട പാഠങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചും പഠനവിധേയമാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസിന്റെ അന്വേഷണവും വിചാരണയും വധശിക്ഷയ്ക്ക് വിധിച്ചതും റദ്ദാക്കിയതുമെല്ലാം ഇപ്പോഴും കേരളം ചർച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കേരള പോലീസിന്റെ പരിശീലനപരിപാടിയിൽ സൗമ്യ കേസ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.