കൊച്ചി: കെപിസിസി പ്രസിഡന്റും കൈവിട്ടതോടെ രാജിക്കൊരുങ്ങി കൊച്ചി മേയർ സൗമിനി ജെയിൻ. മേയർ പദവി നഷ്ടമായാൽ കൗണ്‍സിലർ സ്ഥാനം കൂടി രാജിവയ്ക്കാനാണു സൗമിനി ജെയിന്റെ തീരുമാനം. മേയർക്കു പിന്തുണയുമായി രണ്ടു സമിതി അധ്യക്ഷരും രണ്ടു വനിതാ കൗണ്‍സിലർമാരും കൗണ്‍സിലർ പദവി രാജിവയ്ക്കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയും കൊച്ചി കോർപറേഷൻ ഭരണം കൈവിട്ടുപോകുകയും ചെയ്യും.
അവസാന ശ്രമമെന്ന നിലയിൽ ഇന്നു ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മേയർ നേരിൽ കാണുന്നുണ്ട്. രാജിവയ്ക്കണമെന്ന് അദ്ദേഹം നിർദേശിച്ചാൽ മേയർ സ്ഥാനത്തിനു പുറമേ കൗണ്‍സിലർ പദവികൂടി രാജിവയ്ക്കും. എ ഗ്രൂപ്പ് നേതാവ് എന്ന നിലയിൽ ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസവും സൗമിനി ജെയിനെ ഫോണിൽ ബന്ധപ്പെട്ട് രാജിവയ്ക്കാൻ നിർദേശിച്ചിരുന്നു.
ഗ്രൂപ്പ് പിന്തുണയും നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജി അല്ലാതെ വേറെ പോംവഴിയില്ലെന്ന് മേയർ ക്യാന്പിനും ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവസാന സമ്മർദ്ദ തന്ത്രമെന്ന നിലയിൽ മുല്ലപ്പള്ളിയെ കണ്ട് കോർപറേഷന്റെ ഭരണം നഷ്ടമായേക്കാമെന്ന അവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, വികസനകാര്യ സമിതി അധ്യക്ഷ ഗ്രേസി ജോസഫ് എന്നിവരാണ് മേയർക്ക് ശക്തമായ പിന്തുണയുമായുള്ളത്. സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് നീക്കിയാൽ കൗണ്‍സിലർ പദവി പോലും രാജിവയ്ക്കുമെന്ന് ഇരുവരും വ്യക്തമാക്കി കഴിഞ്ഞു. മേയർക്കു പിന്തുണ നൽകുന്ന രണ്ട് കൗണ്‍സിലർമാരും രാജിക്ക് സന്നദ്ധരാണ്. എ ഗ്രൂപ്പിൽ നിന്നുള്ള ഗീത പ്രഭാകരനും ജോസ്മേരിയുമാണ് അവരെന്ന് സൂചനയുണ്ട്. ഇരുവരും നേരത്തെ മാധ്യമങ്ങൾക്കു മുന്നിൽ ഇക്കാര്യം പരസ്യമാക്കിയിരുന്നു. ഇവരെ കൂടാതെ കൂടുതൽ അംഗങ്ങൾ രാജിവയ്ക്കുമെന്നാണ് മേയർ ക്യാന്പ് അവകാശപ്പെടുന്നത്.
74 അംഗ കൗണ്‍സിലിൽ 37 യുഡിഎഫ്, 34 എൽഡിഎഫ്, രണ്ട് ബിജെപി എന്നിങ്ങനെയാണു നിലവിലെ കക്ഷി നില. നിയമസഭാംഗമായതിനെ തുടർന്ന് ടി.ജെ. വിനോദ് രാജിവച്ച ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുഡിഎഫിന്റെ രണ്ട് കൗണ്‍സിലർ പോലും രാജിവയ്ക്കുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. ഇക്കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി അധികാരമാറ്റ പദ്ധതി ഉപേക്ഷിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റിനെ സൗമിനി ജെയിൻ നേരിൽ കാണുന്നത്.
അതേസമയം, സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് നീക്കിയാൽ കോർപറേഷൻ ഭരണത്തിൽ യുഡിഎഫിന് യാതൊരുവിധ ഭീഷണിയും ഉണ്ടാകില്ലെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുന്നു. ഗ്രൂപ്പിനതീതമായി ജില്ലയിലെ ഏറെക്കുറെ മുഴുവൻ നേതാക്കളും സൗമിനി ജെയിനെതിരെ ശക്തമായ നിലപാടെടുത്തതാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് ഇപ്പോഴുണ്ടായ മനംമാറ്റത്തിന് കാരണം. രണ്ടോ മൂന്നോ നേതാക്കൾ മാത്രമേ മേയർക്ക് അനുകൂലമായിട്ടുള്ളു. പക്ഷെ, കൗണ്‍സിലിൽ എ ഗ്രൂപ്പ് അംഗങ്ങളിൽ ഭൂരിപക്ഷവും മേയർക്കൊപ്പമാണ്. പാർട്ടിയൊരു തീരുമാനമെടുത്താൽ ഇവരൊക്കെ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന ഉറച്ച പ്രതീക്ഷ നേതൃത്വത്തിനുണ്ട്.