കൂത്തുപറമ്പ്: എഴുപത്തിമൂന്നിന്റെ നിറവിലും നാട്ടിപ്പാട്ടിന്റെ ഈരടികളെ പുതു തലമുറയ്ക്ക് പകർന്നു നൽകുകയാണ് പിണറായി കോളാട് ചന്ദ്രോത്ത് പറമ്പിലെ പടിക്കൽ സൗമിനി.
പഴമയുടെ തനിമ വിളിച്ചോതുന്നവയാണ് നാട്ടിപ്പാട്ടുകൾ. ഒരു കാലത്ത് കാർഷിക ഇടങ്ങളിൽ ആയാസരഹിതമായി ജോലി ചെയ്യുന്നതിനും മാനസിക ഉല്ലാസത്തിനുമാണ് നാട്ടിപ്പാട്ട് ചൊല്ലിയിരുന്നത്.
അന്യം നിന്നുപോകുന്ന ഇതിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൗമിനിയമ്മ. 35 വർഷമായി ഈ രംഗത്ത് ഉണ്ട് ഇവർ. കുടുംബശ്രീ മേളകളിലൂടെയാണ് ഇവരുടെ നാട്ടിപ്പാട്ടുകൾ നാട് ശ്രദ്ധിക്കാൻ തുടങ്ങിയത്.
പങ്കെടുത്ത സ്ഥലങ്ങളിൽ നിന്നൊക്കെ ഇവർ സമ്മാനങ്ങളും വാരിക്കൂട്ടി. പിന്നീട് പയ്യന്നൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇവർ നാട്ടിപ്പാട്ടിന്റെ ഈരടികളുമായി കടന്നു ചെന്നു.
തൊഴിലുറപ്പ് ജോലിയ്ക്കിടെ മറ്റ് തൊഴിലാളികളേയും സൗമിനിയമ്മ പാട്ട് പഠിപ്പിച്ചു. നാട്ടുകലാകാരകൂട്ടം കണ്ണൂർ ജില്ലാ കമ്മിറ്റിയുൾപ്പെടെയുള്ളവരും സമീപത്തെ സ്കൂൾ പിടിഎ ഭാരവാഹികളും ഇവർക്ക് സ്നേഹാദരനം നൽകിയിരുന്നു.
പുതു തലമുറയ്ക്ക് നാട്ടിപ്പാട്ടിന്റെ ഈണവും തനിമയും പകർന്ന് നൽകുമ്പോൾ പ്രായത്തിന്റെ തളർച്ചകളെയെല്ലാം സൗമിനിയമ്മ പടിക്കുപുറത്താക്കുകയാണ്.