നവാസ് മേത്തര്‍
തലശേരി: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി.
എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൗമ്യയെ ഇന്നു രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ സൗമ്യക്ക് സഹായികളായി മാറിയവരെന്ന് സംശയിക്കുന്ന രണ്ട് കാമുകന്മാരുള്‍പ്പെടെ മൂന്ന് പേരെ സൗമ്യയുടെ സാന്നിധ്യത്തില്‍ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്.
ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ശാസ്ത്രീയമായ തെളിവുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പോലീസ് ലക്ഷ്യമിടുന്നത്. “എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില് സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവന് എന്ന് കരുതുന്ന യുവാവ് പോലീസിനോട് പറഞ്ഞു.
ഇതിനിടയില്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്താന്‍ സൗമ്യ ഒതളങ്ങ അന്വേഷിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊല്ലത്ത് സഹോദരിയുടെ വീട്ടില്‍ പോയപ്പോഴാണ് ഒതളങ്ങ കൊണ്ടു വരാന്‍ സൗമ്യ ശ്രമം നടത്തിയത്.
ഒതളങ്ങ കൊണ്ടു വരാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് എലിവിഷം ഉപയോഗിച്ച് കൃത്യം നടത്തിയതെന്നും സൗമ്യ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മകള്‍ ഐശ്വര്യക്ക് പല ഘട്ടങ്ങളിലും സൗമ്യ വിഷം നല്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ട് പല തവണ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ 28 ന് വൈകുന്നേരം അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡൊണാല്‍ഡ് സ്ക്വാറ ഉത്തരവിട്ടിട്ടുള്ളത്. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാണ് സൗമ്യയെ കോടതിയില്‍ ഹാജരാക്കിയത്.
സൗമ്യക്ക് വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തണമോ എന്ന ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യയില്‍ നിന്നുണ്ടായത്. പോലീസ് ദേഹോപദ്രവമേല്‍പ്പിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്ന മറുപടി നല്കിയ സൗമ്യ കൂസലില്ലാതെയാണ് കോടതിയേയും അഭിമുഖീകരിച്ചത്. സൗമ്യയെ കാണാന്‍ കോടതിയിലും വന്‍ ജനക്കൂട്ടമാണ് എത്തിയത്.
മൂന്ന് അസ്വഭാവിക മരണങ്ങള് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്ന് റിമാൻഡ് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. മൂന്നിലും എലി വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കിയ അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന തെളിയിക്കുന്നതിന് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
തലശേരി ടൗണ്‍ സ്റ്റേഷനിലെ വനിതാ റൂമില്‍ പാര്‍പ്പിച്ചിട്ടുള്ള സൗമ്യക്ക് ഇന്നലേയും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാല് ജോഡി വസ്ത്രങ്ങള്‍ കൂടി ഇന്നലെ സൗമ്യക്കായി വീട്ടില്‍ നിന്നും എത്തിച്ചിട്ടുണ്ട്.
മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനഹസായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ ഇതിനിടയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കുകുയം ചെയ്തിട്ടുണ്ട്. ഈ അപേക്ഷ അടുത്ത ദിവസമാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലെത്തിയിട്ടുള്ളത്.
പുതിയ വിവരങ്ങള്‍ പുറത്തു വന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയച്ചതായിട്ടാണ് അറിയുന്നത്. മരിച്ച മൂന്നുപേരുടേയും ഉള്ളില്‍ എലിവിഷം ചെന്നിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മൂന്നു പേരേയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശോധനയില്‍ ഈ വിഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഫോസ്ഫറസിന്റെ സാന്നിധ്യമുള്ളതിനാലാണ് മൂന്ന് മാസം മുമ്പ് സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങള്‍ നശിക്കാതിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.അന്വേഷവുമായി ബന്ധപ്പെട്ട് 32 പേരുടെ മൊഴികളാണ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
സൗമ്യയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന തലശേരി, ഇരിട്ടി സ്വദേശികളായ നിരവധി പേരുടെ ഫോണ്‍ രേഖകകള്‍ പോലീസിന് പരിശോധിച്ചു വരികയാണ്.
പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോർ(8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിഞ്ഞെങ്കിലും സഹായികളുടെ പങ്ക് കൂടി ഇനി പുറത്തു വരേണ്ടതുണ്ട്.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.