മനസിന് വല്ലാതെ വിഷമം തോന്നുന്നു, എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ട്, സൗമ്യ ആ രാത്രിയില്‍ കാമുകനയച്ച സന്ദേശം പുറത്ത്, സൗമ്യയുടെ കൈയില്‍ 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു.

കഴിഞ്ഞ മാസം 27 ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നു കൊലപാതകങ്ങളും സൗമ്യ ഒറ്റക്ക് തന്നെയാണ് നടപ്പിലാക്കിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന.

അഞ്ചു മൊബൈല്‍ ഫോണുകളും ഏഴു സിം കാര്‍ഡുകളും സൗമ്യയ്ക്ക് സ്വന്തമായുള്ളതായി പോലീസ് കണ്ടെത്തി. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകന്‍മാരില്‍ ഒരാളുടെ ജ്യേഷ്ഠന്‍ വിദേശത്ത് നിന്ന് കൊടുത്തയച്ചതാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് സൗമ്യ ഒരു കാമുകന് അയച്ച എസ്എംഎസ് പോലീസിന് നിര്‍ണായക തെളിവായി ലഭിച്ചിട്ടുണ്ട്. ‘എനിക്ക് അച്ഛനേയും മകളേയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്.

മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ട്’- ഇതായിരുന്നു മൊബൈല്‍ സന്ദേശത്തിലെ പ്രധാന വരികള്‍. സംശയത്തിന്റെ നിഴലിലുള്ള അഞ്ചുപേരില്‍ മൂന്നുപേരുമായി സൗമ്യ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

എല്ലാവരേയും കൊന്നത് ഞാന്‍ തന്നെയാണ്, ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും, ജാമ്യത്തിലിറങ്ങാന്‍ തയാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. പ്രതിയും കാമുകന്‍മാരുമായിട്ടുള്ള രഹസ്യസംഭാഷണങ്ങള്‍ പരിശോധിച്ചെങ്കിലും കാമുകന്മാരുടെ പങ്ക് കണ്ടെത്താനാവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

നിലവില്‍ സംശയിക്കുന്ന മൂന്നുപേരും നിരപരാധികളാണെന്നാണ് സൂചനയെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകയെ അനുവദിച്ച് കൊണ്ട് കോടതി ഉത്തരവായിട്ടുണ്ട്. ഇതിനിടയില്‍ കാഞ്ഞങ്ങാട് നിന്നുള്ളൊരു അഭിഭാഷകന്‍ സൗമ്യയ്ക്ക് വേണ്ടി ഹാജരാക്കാന്‍ സ്വമേധയാ എത്തിയെങ്കിലും സര്‍ക്കാര്‍ അഭിഭാഷകയെ അനുവദിച്ച സാഹചര്യത്തില്‍ കോടതി അനുമതി നല്‍കിയില്ല.

സൗമ്യയ്ക്ക് വേണ്ടി മുംബൈയില്‍ നിന്ന് അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണമുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല. മാതാപിതാക്കളായ കുഞ്ഞിക്കണ്ണനേയും കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തിയ കേസിലാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൗമ്യയെ അറസ്റ്റ് ചെയ്തത്.

 

Related posts