തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന് വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലാണ് സൗന്ദര്യയും ആദ്യ ഭര്‍ത്താവായ അശ്വിനും വിവാഹിതരായത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്.
ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി ജോലി ചെയ്തിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്.