16 വർഷങ്ങൾക്കു മുൻപ് വിമാന അപകടത്തിൽ മരിച്ച താരമായിരുന്നു ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞാടിയ സൗന്ദര്യ. സംവിധായകൻ ആർ.വി ഉദയകുമാറിന്റെ വാക്കുകളാണ് താരത്തിന്റെ ആരാധകരെ ഇന്നും വേദനപ്പെടുത്തുന്നത്.
ഉദയകുമാറിന്റെ വാക്കുകൾ;
നടി സൗന്ദര്യയെ ഞാനാണ് സിനിമയിൽ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ എന്നെ അങ്ങനെ വിളിക്കുന്നതിൽ ഞാൻ അതൃപ്തനായിരുന്നു.
മറ്റുള്ളവർക്ക് മുന്പിൽ എന്നെ സാർ എന്നു വിളിച്ചാൽ മതിയെന്നു സൗന്ദര്യയോട് ഞാൻ പറയുമായിരുന്നു. എന്നാൽ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടുതുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവർക്കുണ്ടായിരുന്നു.
പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി. അന്നൊക്കെ ഓരോരോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ തന്നെയാണ് ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയും വരികയും ചെയ്തിരുന്നത്.
സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. എനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിർഭാഗ്യവശാൽ അതിനും എനിക്കു പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു.
ആ സിനിമ കഴിഞ്ഞ് അവർ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാൻ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗർഭിണിയാണ്.
അന്ന് എന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചു.അടുത്ത ദിവസം രാവിലെ 7.30ന് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി.
അവർ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്കാരച്ചടങ്ങിനാണ് ഞാൻ പോകുന്നത്. ഞാൻ അവരുടെ വീട്ടിൽ പോയി.
ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല.