കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബർദ്വാനിലേക്ക് പോകുന്നതിനിടെ ദുർഗാപുർ എക്സ്പ്രസ് വേയിൽ ഇന്നലെയായിരുന്നു അപകടം. ഗാംഗുലി ഉൾപ്പെടെ ആർക്കും പരിക്കില്ല.
ദന്തൻപുരിനടുത്ത് വച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ വരികയായിരുന്നു. ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ പിന്നിൽനിന്നു വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു.
അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറിലും ഇടിച്ചു. അപകടത്തെകത്തുടർന്ന് സൗരവ് ഗാംഗുലിക്ക് 10 മിനിറ്റോളം റോഡിൽ കാത്തിരിക്കേണ്ടി വന്നു. തുടർന്നു ബർദ്വാൻ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി.