കാസര്‍ഗോഡ്: മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഭാര്യാപിതാവ് അബ്ദുള്‍ റഹ്മാന് എസ്ഡിപിഐ പ്രവര്ത്തകന്.
കര്‍ണാടക ഉള്ളാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന് കാസര്‍ഗോഡ് സ്വദേശിനിയെ വിവാഹം ചെയ്തശേഷം 20 വര്‍ഷമായി മഞ്ചേശ്വരം തുമിനാടാണ് താമസം. ഉള്ളാളില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. മുസ്ലിം തീര്‍ഥാടന കേന്ദ്രമായ സയ്യിദ് മുഹമ്മദ് ഷെരീഫുല്‍ മദനി ദര്‍ഗ (ഉള്ളാള്‍ ദര്‍ഗ)യില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് അബ്ദുള്‍ റഹ്മാന് പറയുന്നു.
“”ഷാജഹാന് എന്നാണ് പേര് പറഞ്ഞത്. കണ്ടപ്പോള്‍ നല്ല പയ്യനാണെന്ന് തോന്നി. അതുകൊണ്ടാണ് മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. താന്‍ അനാഥനാണെന്നും കണ്ണൂര്‍ വളപട്ടണത്താണ് വീടെന്നും ബന്ധുക്കളായിട്ട് ആരും തന്നെയില്ലെന്നും ഒറ്റയ്ക്കാണ് താമസമെന്നും പറഞ്ഞു.’’
മരുമകന്റെ നാട്ടില്‍ച്ചെന്ന് അന്വേഷിക്കാതെ വിവാഹം നടത്തുന്നതിനെ തന്റെ ഭാര്യാവീട്ടുകാര്‍ എതിര്‍ത്തിരുന്നതായും എന്നാല്‍ തനിക്ക് ആ ചെറുപ്പക്കാരനെ വിശ്വാസമായിരുന്നെന്നും അതുകൊണ്ടാണ് വിവാഹം നടത്തിയതെന്നും അബ്ദുള്‍ റഹ്മാന് പറഞ്ഞു.
2016 ഫെബ്രുവരിയിലാണ് റഹ്മാന്റെ 10 മക്കളില്‍ രണ്ടാമത്തെയാളെ സവാദ് വിവാഹം കഴിക്കുന്നത്.
കുക്കാജെയിലെ അല്‍ ഫത്തര്‍ ജുമാമസ്ജിദിലായിരുന്നു വിവാഹം. കുഞ്ചത്തൂരിലെ ആയിരംപള്ളിക്കു കീഴിലുള്ള 13 മോസ്കുകളില്‍ ഒന്നാണിത്.
സാധാരണ മുസ്ലിം പള്ളികളില്‍ വിവാഹം നടക്കുമ്പോള്‍ വധൂവരന്മാര് അവരുടെ മഹലുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാല്‍ സവാദ് അത്തരം രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. രണ്ടാഴ്ച ഇവിടെ താമസിച്ചശേഷം വളപട്ടണം മന്നയിലേക്ക് ഇവര്‍ പോയതായി റഹ്മാന് പറഞ്ഞു.