താനൂർ: നാടിനെ നടുക്കിയ താനൂർ തെയ്യാലയിലെ സവാദ് കൊലക്കേസിൽ മുഖ്യപ്രതിയും സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകനുമായ തെയ്യാല സ്വദേശി അബ്ദുൾബഷീർ പോലീസിനു മുന്നിൽ കീഴടങ്ങി. ഇന്നു രാവിലെ താനൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് ബഷീർ കീഴടങ്ങിയത്.
കൊലപാതകം നടത്താനായി മാത്രം വിദേശത്തു നിന്നെത്തുകയായിരുന്നു ബഷീർ. കൃത്യം നടത്തിയശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. നേരത്തെ സൗജത്തിനെയും കൊലപാതകത്തിനു സഹായം ചെയ്ത തെയ്യാല സ്വദേശി സുഫിയാനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
ബഷീറിനെ അറസ്റ്റു ചെയ്തു താനൂർ സിഐ ഷാജിയുടെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തുകയാണ്. സംഭവത്തിനുശേഷം ബഷീർ മുങ്ങിയതോടെ കേസന്വേഷണം ഉൗർജിതമാക്കുകയായിരുന്നു പോലീസ്. ബഷീർ ഗൾഫിലേക്കു കടന്നതായി വിവരത്തെത്തുടർന്നു നാട്ടിലെത്തിക്കാനുള്ള മാർഗങ്ങൾ പോലീസ് സ്വീകരിച്ചു വരുന്നതിനിടെയാണ് ബഷീറിന്റെ കീഴടങ്ങൽ.
്