താനൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മകനോടൊപ്പം ഉറങ്ങവെ മത്സ്യത്തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സൗജത്തും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സുഹൃത്തിനായി പോലീസ് തെരച്ചിൽ തുടരുകയാണ്.
താനൂർ അഞ്ചുടി സ്വദേശി സവാദ് (40) ആണ് ഓമച്ചപ്പുഴയിലെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടത്. തലക്കടിച്ചും കഴുത്തറത്തുമായിരുന്നു കൊല. ശരീരത്തിൽ കത്തി കൊണ്ടു വരഞ്ഞ അടയാളങ്ങളുമുണ്ട്. മൂത്ത മകനൊപ്പം വരാന്തയിൽ ഉറങ്ങുന്നതിനിടെയാണ് കൊല നടന്നത്.
രാത്രി വൈദ്യുതി നിലച്ചതു കാരണം ഇരുവരും ഗ്രില്ലിട്ട വരാന്തയിൽ വാതിൽ പൂട്ടി കിടന്നിരുന്നു. അർധരാത്രി ഉറങ്ങുന്നതിനിടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോൾ മകൻ ഞെട്ടിയുണരുകയായിരുന്നു. ഈ സമയത്ത് കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി കുട്ടി പോലീസിനു മൊഴി നൽകിയിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ ഭാര്യയാണു കൊലപാതകം നടന്ന വിവരമറിയിച്ചത്. സംഭവശേഷം ഭാര്യ സൗജത്തിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും വൈകീട്ട് ഏഴോടെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു വർഷത്തോളമായി വാടക ക്വാർട്ടേഴ്സിലാണ് സവാദും ഭാര്യയും മക്കളും താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസവും സവാദ് കടലിൽ പോയിരുന്നു.