കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദ് ആണ് അറസ്റ്റിലായത്. ഇതിനു മുൻപ് പല കേസുകളിലും ഇയാൾ പ്രതിയാണ്.
നേരത്തേ മൂന്ന് കവർച്ചാകേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള സവാദ് ജയിലിലെ ഭക്ഷണവും താമസവും സുഖമുള്ളതാണെന്നും ദീർഘകാലം ജയിലിൽ കിടക്കാനുള്ള എന്തെങ്കിലും വഴിയുണ്ടാക്കണമെന്നും നാട്ടിൽ പലരോടും നേരത്തേ പറഞ്ഞുനടന്നിരുന്നതായി അറിവായിട്ടുണ്ട്. അമിതമായി ജയിൽ ഭക്ഷണം ഇഷ്ടപ്പെട്ട ഇയാൾ വീണ്ടും ജയിലിൽ പോകാൻ അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു. ഇയാൾക്ക്ഏറെക്കാലമായി വീടും കുടുംബവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
കൊല്ലപ്പെട്ട സുരേഷ് 15 വർഷം മുമ്പ് കണ്ണൂർ പയ്യന്നൂരിലെത്തി വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. കോൺക്രീറ്റ് നിർമാണജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്.
രണ്ടുവർഷം മുമ്പ് ഇവരുമായി അകന്നാണ് ഉപ്പളയിലെത്തിയത്. ഇവിടെ ഒറ്റയ്ക്ക് താമസിച്ച് കോൺക്രീറ്റ് ജോലികളും രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിയും ചെയ്തുവരികയായിരുന്നു. ബന്ധുക്കളൊന്നുമില്ലാതെ ഒറ്റയ്ക്ക് താസമിച്ചിരുന്ന സുരേഷിനെ സവാദ് തന്റെ ഇരയായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സംശയം.