കൊച്ചി: മൂവാറ്റുപുഴയില്‍ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിന്റെ (50) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈയില്‍ സംഭവശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. കഴിഞ്ഞ 10ന് കണ്ണൂരില്‍ നിന്നാണ് ഇയാള്‍ എന്‍ഐഎയുടെ പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദായിരുന്നു പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്.
സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്.
സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് എന്‍ഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാളും ദുബായിയില്‍ സവാദിനെ കണ്ടതായി മൊഴി നല്‍കിയിരുന്നു.
പാക്കിസ്ഥാന്, ദുബായ് എന്നിവിടങ്ങളില്‍ സവാദിനെ കണ്ടെത്താനായി ഊര്‍ജിത അന്വേഷണം നടന്നിരുന്നു. അഫ്ഗാനിസ്ഥാന്, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എന്‍ഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരമുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.
54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. 42 ഓളം പേരാണ് അന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. 2015ല്‍ ആദ്യ വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പേരാണ് വിചാരണ നേരിട്ടത്. അതില്‍ 18 പ്രതികളെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം.കെ. നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.
9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന് കുഞ്ഞിനും അയൂബിനും മൂന്നു വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാം പ്രതികളും ചേര്‍ന്ന് ജോസഫിന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2,85,000 രൂപ പിഴ നല്‍കണമെന്നും അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയില്‍നിന്ന് പ്രഫസര്‍ ടി.ജെ. ജോസഫിന് നാല് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ഐഎ കോടതിയായിരുന്നു ശിക്ഷവിധിച്ചത്.