വാഷിംഗ്ടൺ ഡിസി: 1981ൽ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് സവാഹിരി മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.
ജയിൽമോചിതനായ സവാഹിരി നേരേ പാക്കിസ്ഥാനിലേക്കാണു പോയത്. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയൻ സൈന്യത്തിനെതിരേയുള്ള യുദ്ധത്തിൽ പരിക്കേറ്റ മുജാഹിദ്ദീൻ പോരാളികളെ സവാഹിരി ചികിത്സിച്ചു.
1998ൽ സവാഹിരി നേതൃത്വം നല്കിയിരുന്ന ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് എന്ന ഭീകരസംഘടനയെ അൽ ഖ്വയ്ദയിൽ ലയിപ്പിച്ചു.
തുടർന്നാണു ബിൻ ലാദനുമൊത്തു ലോകം മുഴുവൻ സവാഹിരി അശാന്തി വിതച്ചത്. 1998ൽ കെനിയ, ടാൻസാനിയ എന്നിവിടങ്ങളിലെ യുഎസ് എംബസികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മുഖ്യ പങ്കുവഹിച്ചയാളാണ് അയ്മൻ സവാഹരി. തുടർന്നാണ് അമേരിക്കയിലെ ഭീകരാക്രണത്തിൽ മുഖ്യ സൂത്രധാരനായത്.
ഹെൽഫയർ മിസൈൽ യുഎസിന്റെ രഹസ്യ ആയുധം
‘നിൻജ ബോംബ്’എന്നറിയപ്പെടുന്ന ഹെൽഫയർ ആർ9എക്സ് മിസൈൽ അമേരിക്കയുടെ രഹസ്യ ആയുധമാണ്.
സൈനികനടപടിയിൽ സാധാരണക്കാർക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കി ഭീകരനേതാക്കളെ മാത്രം വധിക്കാൻ അമേരിക്ക രൂപപ്പെടുത്തിയ ആയുധമാണിത്.
പ്രിഡേറ്റർ ഡ്രോണിൽനിന്നാണു മിസൈൽ തൊടുക്കുക. ആറു ബ്ലേഡുകളുള്ള മിസൈൽ അതിവേഗം ലക്ഷ്യം പൂർത്തിയാക്കും.
സ്ഫോടനമില്ലാതെതന്നെ എതിരാളിയെ വകവരുത്താവുന്ന രഹസ്യമിസൈലാണിത്. മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടാകില്ല. ‘ഫ്ളൈയിംഗ് ജിൻസു’ എന്നും മിസൈൽ അറിയപ്പെടുന്നു.
അലുമിനിയം സാധനങ്ങൾവരെ മുറിക്കാൻ കഴിയുന്ന ജാപ്പനീസ് കത്തികളുടെ പരസ്യത്തിൽനിന്നാണ് ഈ പേരു വന്നത്.