കയ്റോ: ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിൽ കാണപ്പെട്ട പുരാതന ശവകുടീരം മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടേതല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണു രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ശവകുടീരം തുറന്നു പരിശോധിച്ചത്. അലക്സാണ്ടറുടെ ശവകുടീരം തുറന്നാൽ വലിയ വിപത്തുണ്ടാവുമെന്ന് ഈജിപ്തുകാർ വിശ്വസിക്കുന്നു.
കെട്ടിടനിർമാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് ഈ മാസമാദ്യം അസാധാരണ വലിപ്പമുള്ള ശവകുടീരം കണ്ടെത്തിയത്. ബിസി 323ൽ ബാബിലോണിലാണ് അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഒരിക്കലും കണ്ടെത്തിയിട്ടില്ല.
ഗ്രാനൈറ്റ് മൂടിയുള്ള ശവകുടീരം തുറന്നത് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മേധാവി വസിരിയുടെ സാന്നിധ്യത്തിലായിരുന്നു. ഒന്പത് അടിനീളവും അഞ്ചടി വീതിയും ആറടി ഉയരവുമുള്ള കല്ലുകൊണ്ടു നിർമിച്ച പേടകത്തിനുള്ളിൽ മൂന്നു പേരുടെ തലയോട്ടികൾ കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പേടകത്തിന്റെ ഭാരം 30 മെട്രിക് ടണ്ണായിരുന്നു.
അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തിനു ശേഷം ഭരണം ആരംഭിച്ച ടോളമി രാജവംശകാലത്തെ സൈനികരുടെ മൃതദേഹങ്ങളാണിവയിലുള്ളതെന്നു കരുതപ്പെടുന്നു. 300 വർഷം ദീർഘിച്ച ഈ രാജവംശത്തിന്റെ അന്ത്യം ബിസി 30ൽ ക്ലിയോപാട്രയുടെ മരണത്തോടെയായിരുന്നു.