കോട്ടയം: ഉള്ളിയും സവോളയും അരിഞ്ഞാൽ കണ്ണുനിറയും. എന്നാൽ ഇപ്പോൾ വാങ്ങിയാലും കരയും. കാരണം വിലയാണ്.റോക്കറ്റു പോലെ കുതിച്ചുയർന്ന സവോള-ഉള്ളി വില രണ്ടാഴ്ച കൂടി ഉയർന്നു നിൽക്കുമെന്നാണ് സൂചന.
ഇന്നലെകോട്ടയത്ത് സവോള വില 90, ഉള്ളി 120.മഹാരാഷ്ട്രയിലെ നാസിക്, പൂന, നാഗ്പൂർ എന്നിവിടങ്ങളിൽനിന്നാണു പ്രധാനമായും കേരളത്തിൽ സവോള എത്തുന്നത്. മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതാണു പെട്ടെന്ന് വില ഉയരാൻ കാരണമായത്.
വൻകിട സ്റ്റോറുകളിൽ ആറു മാസം വരെ പഴക്കമുള്ള സവോള വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നതിനാലാണ് സവോള ഈ നിരക്കിലെങ്കിലും നിൽക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. സവോള സ്റ്റോക്ക് ചെയ്യുന്നതുപോലെ നീണ്ട കാലത്തേക്ക് ഉള്ളി കരുതി വയ്ക്കാനാവില്ല.
ഈജിപ്തിൽനിന്നും സവോള ഇറക്കുമതിക്ക് നീക്കമുണ്ടെങ്കിലും എത്താൻ രണ്ടാഴ്ചയിലേറെ വൈകും. ഈജിപ്ഷ്യൻ സവോളയുടെ രുചിഭേദം ഇവിടെ ഏറെ താൽപര്യമില്ല.
ഉള്ളി ഇറക്കുമതിയിൽ താമസം നേരിട്ടാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ടർക്കിയിൽനിന്നും ഇറാനിൽനിന്നുമാണ് ഉള്ളി ഇറക്കുമതി പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയ്ക്കു പുറമേ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലും ഉള്ളി കൃഷിയുണ്ട്. എന്നാൽ മഴമൂലം ഇവിടെയും ഉത്പാദനം കുറഞ്ഞു.