രണ്ടുണ്ട് കാര്യം! കേരളം കാണാനെത്തിയ സവാളവില്‍പ്പനക്കാരായ കര്‍ഷക കുടുംബങ്ങളുടെ കഥയറിയാം

lorry111കൊട്ടിയം: ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചിട്ടുള്ള ഭക്ഷ്യവസ്തുവാണ് സവാള. വിപണിയില്‍ വില കുതിക്കുമ്പോഴും സവാള കര്‍ഷകര്‍ക്ക് കാര്യമായൊന്നും കിട്ടാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഇടനിലക്കാരും കച്ചവടക്കാരും ലാഭം നേടുമ്പോള്‍ കര്‍ഷകന് പണിയെടുത്തതു മാത്രം മിച്ചം. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലെ ഖത് രജ് ഗ്രാമത്തിലെ രണ്ടു കര്‍ഷക കുടുംബങ്ങള്‍ കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്. ഒരു ലോറി നിറയെ സവാളയുമായാണ് ഇവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്. സവാള വില്‍പ്പനയ്‌ക്കൊപ്പം കേരളം മൊത്തത്തില്‍ ഒന്നു ചുറ്റിക്കറങ്ങുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതു കൊണ്ടാണ് കര്‍ഷകര്‍ കുടുംബത്തെയും ഒപ്പം കൂട്ടിയത്.

ഇന്നലെ രാവിലെ 21 ടണ്‍ സവാളയുമായി ഉമയനല്ലൂരിലാണു കര്‍ഷക കുടുംബം എത്തിയത്. ഇവിടത്തെ മൊത്തവ്യാപാരിയും മയ്യനാട് പഞ്ചായത്തംഗവുമായ റാഫിയുടെ നമ്പരും മേല്‍വിലാസവും പുണെയിലെ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയാണു ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍  കുടുംബംഗങ്ങള്‍ പുറപ്പെട്ടത്. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ മൂന്നാംക്ലാസുകാരന്‍ മുതല്‍ ഒന്‍പതാം ക്ലാസുകാരി വരെയുള്ള കുട്ടികളെയും യാത്രയില്‍ കൂട്ടി. വ്യാപാരത്തിനൊപ്പം ഒരു ഹോളിട്രിപ്പും കൂടിയാണു കര്‍ഷക കുടുംബം ലക്ഷ്യമിട്ടത്. പൂന മാര്‍ക്കറ്റില്‍ സവാള കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് ഒരു കിലോ സവാളയ്ക്ക് നാലു രൂപ മാത്രമാണ് നല്‍കുന്നത്. അധ്വാനത്തിന്റെ കൂലി പോലും കിട്ടാത്ത അവസ്ഥ.

മഹാരാഷ്ട്രയെ അപേക്ഷിച്ച് കേരളത്തില്‍ 11 മുതല്‍ 11 രൂപയാണ് മൊത്തവ്യാപാരികള്‍ നല്‍കുന്നത്. അധികം ലാഭം കിട്ടില്ലെങ്കിലും പറഞ്ഞു കേട്ടറിവു മാത്രമുള്ള കേരളത്തിലേക്ക് ഇവര്‍ യാത്ര തിരിക്കുകയായിരുന്നു. പൂനയിലെ വ്യാപാരികളാണ് വില താഴ്ത്തുന്നതതെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ കേളത്തിലെത്തിയ ഇവര്‍ക്ക് ആശിച്ച വില ലഭിച്ചില്ല. സവാളയുടെ വില പൊതുവേ താഴ്ന്നു നില്‍ക്കുന്നതായിരുന്നു കാരണം. ലോറി വാടകയായി 83,000 രൂപയായി. എങ്കിലും കേരളം കാണാനും അവധിക്കാലം ഇവിടെ ചെലവഴിക്കാനുംഅവസരം ലഭിച്ചതിന്റെ ത്രില്ലിലാണു കുട്ടികള്‍.

Related posts