തൃശൂർ: സവാള കൃഷി നടത്യാ ക്ലിക്കാവ്വ്വോ പിടിച്ചു നിർത്താൻ കഴിയാതെ സവാള, ഉള്ളി വില പായുന്നത് കണ്ട് തൃശൂരിലെ ബിസിനസ് അറിയുന്ന കച്ചോടക്കാരൻ ചോദിച്ച ചോദ്യാണിത്. പലരും മനസിൽ ഒളിപ്പിച്ചു വെച്ച ചോദ്യാട്ടോദ്…
സംഗതി ശരിയാണ്. സവാള കൃഷി നമുക്കും നടത്താം. ഉത്തരേന്ത്യക്കാരനേം അയൽ രാജ്യങ്ങളേം കാത്തിരിക്കണ്ട. ഇറക്കുമതിയുടെ കോടികൾ കണക്കും കേൾക്കണ്ട. നമുക്കും കൃഷി ചെയ്യാൻ പറ്റും സവാള. ഇവിടത്തെ മണ്ണ്, കാലാവസ്ഥ ഇതൊക്കെ സവാളകൃഷിക്ക് ചേര്വോ എന്നായി അടുത്ത ഡൗട്ട്.
അപ്പോഴാണ് സവാള കൃഷിയെക്കുറിച്ച് അത്യാവശ്യം നോളജുള്ള വേറൊരു ഗഡി അക്കാര്യം പറഞ്ഞത് തൃശൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരീക്ഷണാടിസ്ഥനത്തിൽ ഉള്ളി കൃഷി നടത്തി വിജയിച്ചിട്ടുണ്ടത്രെ. ആ വിജയം കണ്ട് പത്തനംതിട്ട ജില്ല ഐസിഎആർ കൃഷി വിജ്ഞാപന കേന്ദ്രത്തിലും സവാള കൃഷി വിളവെടുത്തൂന്ന്….
ഹായ്…ഈ തൃശൂർക്കാര് കൊള്ളാലോ…പ്രാഞ്ചിയേട്ടൻ പറയണ പോലെ തൃശൂർക്കാരന്റെ ബുദ്ധ്യേ….അപ്പോൾ വീട്ടുവളപ്പില് വേണേൽ സവാള നട്ടുവളർത്താംലേ…സംഗതി കളറാകും സംശയല്യ..കൃഷി നടത്തി വിൽപനക്കൊന്നും നോക്കണ്ടാട്ടോ അതു നടക്കില്ല. കളശല്യോം പണിക്കൂലീം കൂടുതലാ…തവിടുപൊടിയാകും..അത്യാവശ്യം വീട്ടാവശ്യങ്ങൾക്കായി മാത്രം അടുക്കള തോട്ടങ്ങളിൽ ചെയ്യാൻ പറ്റിയാ കൃഷിയാ….
എന്നാൽ മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിക്കാമെന്ന് ചങ്കുറപ്പുള്ള കർഷകർ അട്ടപ്പാടിയിലേയും ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലേയും കർഷകർ സവാളകൃഷിയിറക്കിയത് ചൂണ്ടിക്കാട്ടി തൃശൂരിലും ധൈര്യപൂർവമുള്ള പരീക്ഷണത്തിന് തയ്യാറാടെക്കുന്നു എന്നതാണ് പുതിയ വാർത്ത.
ഇതാണ് സവാള കൃഷിക്ക് അനുയോജ്യമായ സീസണെന്നത് കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. നവംബർ ഫെബ്രുവരി മാസങ്ങളാണ് യോജ്യം. മഞ്ഞു കാലത്ത് തുറസായ സ്ഥലത്തും സവാള കൃഷി ചെയ്യാമത്രെ. വളക്കൂറും നീർവാർച്ചയും ഇളക്കവുമുള്ള മണ്ണ് ഇതിന് യോജ്യമാണെന്ന് കൃഷി ശാസ്ത്രജ്ഞർ പറയുന്നു.
സവാളകൃഷി കേരളത്തിൽ വിജയിക്കുമോ എന്നറിയാനായി കേരള കാർഷിക സർവകലാശാല കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗവേഷണപരീക്ഷണങ്ങൾ നടത്തി വരികയാണ്. ഒരു ലക്ഷത്തോളം സവാളതൈകൾ വിതരണം ചെയ്ത് കൃഷി വിജയിക്കുമോ എന്നും പരിശോധിച്ചിരുന്നു. വീട്ടുവളപ്പിലും മട്ടുപ്പാവിലുമൊക്കെ സവാള കൃഷി അത്യാവശ്യം പച്ചപിടിക്കുമെന്ന തിരിച്ചറിവ് വളരെയധികം ആവേശമാണ് സർവകലാശാലയ്ക്ക് നൽകിയത്. തൃശൂർ ജില്ലയിൽ പലയിടത്തും സവാളകൃഷി വിജയകരമായിരുന്നു.
കേരളത്തിൽ സവാളയ്ക്കുള്ള ആവശ്യകത തിരിച്ചറിഞ്ഞ് വൻതോതിൽ സവാള ഉത്പാദനത്തിന് മാർഗങ്ങൾ തേടുകയാണ് കാർഷിക സർവകലാശാലയും കർഷകരും.ഉള്ളിക്കും സവാളയ്ക്കും വേണ്ടി ഉത്തരേന്ത്യൻ കനിവു കാത്തിരിക്കാതെ ഈ മണ്ണിൽ തന്നെ അവ വിളയിക്കാനാണ് ഇപ്പോൾ മലയാളിയുടെ ശ്രമം.