തൃശൂർ: ബിരിയാണിക്കൊപ്പം സവാളയില്ലാ സാലഡ്; ഓംലറ്റിലും കൊത്തിപ്പൊരിയിലും സവാള പേരിനു മാത്രം. വില കുത്തനെ കൂടിയപ്പോൾ സാലഡും ഓംലറ്റും കൊത്തിപ്പൊരിയും സവാള ഒൗട്ട് ഓഫ് കിച്ചനായത്. വീട്ടിലെ അടുക്കളകളിൽ നിന്നു മാത്രമല്ല തട്ടുകടകളിലും ഹോട്ടലുകളിലുമൊക്കെ സവാള പ്രയോഗം കുത്തനെ കുറഞ്ഞിരിക്കുന്നു.
ബിരിയാണിക്കൊപ്പം കിട്ടുന്ന സാലഡിൽ തൈരിൽ സവാളയ്ക്കു പകരം പിഞ്ചു വെള്ളരിക്കയാണ് (കുക്കുംബർ) ഇപ്പോൾ ചേർക്കുന്നത്.തട്ടുകടകളിൽ ഓംലറ്റിലും കൊത്തിപൊരിയിലും വളരെ കുറച്ച് സവാള മാത്രമാണ് ഉപയോഗിക്കുന്നത്.
സവാളയ്ക്ക് വിലകൂടുതലാണെന്ന് മാത്രമല്ല ഗുണനിലവാരം തീരെയില്ലാത്ത സവാളയാണ് കിട്ടുന്നതെന്നതും വലിയ പ്രശ്നമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സവാള വാങ്ങാൻ ആളുകൾ മടിക്കുന്ന സ്ഥിതിയാണ്.
ചെറിയ ഉള്ളിയുടെ വിലയും വെളുത്തുള്ളി വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഉള്ളിസാന്പാറും മെനുവിന് പുറത്തായിരിക്കുകയാണ്.