കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസാ കാര്‍ഡില്‍ സ്വാതന്ത്ര്യസമരനേതാക്കൾക്കൊപ്പം ഹിന്ദു മഹാസഭാ നേതാവും മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനക്കേസില്‍ പ്രതിയുമായിരുന്ന വി.ഡി. സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടത് വിവാദമായി.
അബദ്ധം പലരും ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് നീക്കംചെയ്തു. ആശംസാ കാര്‍ഡ് രൂപകല്പന ചെയ്ത ഓഫീസ് സ്റ്റാഫിന് പറ്റിയ അബദ്ധമാണെന്നും അത് തന്റെ ശ്രദ്ധയില്‍പെട്ടയുടന്‍ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു.
മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രവുമായി തുടങ്ങുന്ന പോസ്റ്റില്‍ വിപ്ലവ പോരാളികളായ ചന്ദ്രശേഖര്‍ ആസാദിനും ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനും ഇടയിലായാണ് സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്.
ഝാന്‍സി റാണി ലക്ഷ്മിബായി, ബാലഗംഗാധര്‍ തിലക്, ഡോ. ബി.ആര്. അംബേദ്കര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നില്ല.
ആരാണെന്നു നോക്കാതെ ഓണ്‍ലൈനില്‍ നിന്ന് കിട്ടിയ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ വച്ച് കാര്‍ഡ് രൂപകല്പന ചെയ്തതാകാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നത്.
ഔദ്യോഗികമായി ഡിസിസിയുടെ പേരില്‍ ഒരു കാര്‍ഡ് തയാറാക്കുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധയോ ജാഗ്രതയോ ഉണ്ടായില്ലെന്നും വ്യക്തമാണ്.
ഹിന്ദു മഹാസഭാ നേതാവും മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനക്കേസില്‍ പ്രതിയുമായിരുന്ന സവര്‍ക്കറെ കോണ്‍ഗ്രസ് ഒരിക്കലും സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടത്തില്‍ അംഗീകരിച്ചിരുന്നില്ല.
നേരത്തേ എറണാകുളം ജില്ലയില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ഥം സ്ഥാപിച്ച ബോര്‍ഡിലും സ്വാതന്ത്ര്യ സമരനേതാക്കളുടെ ഇടയില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടത് വിവാദമായിരുന്നു.
ജോഡോ യാത്ര എത്തുന്നതിനു മുമ്പായി ഈ ചിത്രത്തിനു മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഒട്ടിച്ചുവച്ച് മറയ്ക്കുകയായിരുന്നു.
ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.