കൊച്ചി: വിപണിയിൽ ഉള്ളിവില കുതിച്ചുയരുന്നു. ചെറിയ ഉള്ളിക്ക് പലയിടത്തും കിലോയ്ക്ക് 90 മുതൽ 100 രൂപ വരെയാണ്. സവോളയുടെ വില ഇന്നലെ ഒറ്റദിവസം കൊണ്ട് അഞ്ചു രൂപ ഉയർന്ന് 72 രൂപയായി.
വലുപ്പം അനുസരിച്ച് ചെറിയ ഉള്ളിക്ക് 60 രൂപ മുതൽ 88 രൂപ വരെയാണ് കേരളത്തിലെ മൊത്തവില. സവോളയുടെ കേരളത്തിലെ മൊത്തവില 55 മുതൽ 60 രൂപ വരെയായി.
മഹാരാഷ്ട്രയിൽനിന്നാണ് ഏറ്റവും കൂടുതൽ ഉള്ളി വിപണിയിലെത്തുന്നത്. പൂജയും ദീപാവലിയും അടുത്തതോടെയാണ് രൂക്ഷമായ വിലക്കയറ്റം.
കഴിഞ്ഞ മാസം വിലക്കയറ്റം ആരംഭിച്ചപ്പോൾതന്നെ ഉള്ളിയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. മഴ മൂലം കൃഷി നശിച്ചതാണ് വില കൂടാൻ പ്രധാന കാരണം.
ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ചരക്കുനീക്കത്തിലുണ്ടായ തടസങ്ങൾ മൂലം നഷ്ടം സംഭവിച്ച കൃഷിക്കാർ കൃഷി ചെയ്യുന്നതു കുറച്ചതും ഉള്ളിവില കൂടാൻ കാരണമായി.
അടുത്ത വിളവെടുപ്പു വരെ വില ഇനിയും കൂടാനാണു സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ എത്തുന്ന ഉള്ളിയിൽ ഭൂരിഭാഗവും കെട്ടിക്കിടന്ന പഴയ സ്റ്റോക്കാണെന്നും വിപണിയിൽ ക്ഷാമം രൂക്ഷമാണെന്നും കേരളത്തിലെ മൊത്തവ്യാപാരികൾ വ്യക്തമാക്കുന്നു.
മൂന്നു മാസം മുന്പ് ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയിലധികമാണ് ഇപ്പോൾ സവോളയുടെ വില.