കൊല്ലം ജില്ലയിലെ ആലപ്പാടെന്ന ഗ്രാമം പതിയെ ലോകത്തിന്റെ വേദനയാകുകയാണ്. സര്‍ക്കാരും മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുമ്പോഴും സോഷ്യല്‍മീഡിയ ഒരു ഗ്രാമത്തിന്റെ വേദനകളെ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് തീരദേശത്ത് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനമാണ് ഇപ്പോള്‍ ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐആര്‍ഇഎല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) ഉം തീരദേശഗ്രാമങ്ങളില്‍ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍.
കൊല്ലം നീണ്ടകര മുതല്‍ കായംകുളം വരെ 23 കി.മീ. നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ 1925-കളില്‍ത്തന്നെ വലിയ തോതിലുള്ള ധാതുമണല്‍ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദേശീയരും സ്വദേശീയരുമായ വ്യവസായികളുടെ കണ്ണ് ഇരുജില്ലകളിലെയും തീരദേശ മേഖലകളിലായിരുന്നു.
ഏതാണ്ട് 1950 കാലയളവില്‍ത്തന്നെ വിദേശ കമ്പനികള്‍ തീരദേശമേഖലകളിലേക്ക് ഖനന പ്രവര്‍ത്തനങ്ങളുമായെത്തി. പ്രാദേശിക ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സമരവും തൊഴില്‍പ്രശ്‌നങ്ങളും മൂലം തുടക്കത്തില്‍ ഇഴഞ്ഞു നീങ്ങിയ ഖനന പ്രവര്‍ത്തനങ്ങള്‍ സജീവമായത് ഐ.ആര്‍.ഇ.എല്ലിന്റെ വരവോടെയാണ്.
കഴിഞ്ഞ 60 വര്‍ഷത്തിലധികമായി തുടരുന്ന കരിമണല്‍ ഖനനം കൂടുതല്‍ ആഘാതമേല്പിച്ചതാകട്ടെ കിഴക്ക് ടി.എസ് കനാലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി റിബ്ബണ്‍ പോലെ നീളത്തില്‍ കിടക്കുന്ന ചവറ മുതല്‍ ആലപ്പാട് വരെയുള്ള പ്രദേശങ്ങളെയും. ആലപ്പാട് ചവറ മേഖലകളില്‍ വിവിധ കമ്പനികള്‍ നടത്തിയ അശാസ്ത്രീയമായ ഖനനം മൂലം എതാണ്ട് 7200 ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ വിഷയം കത്തിക്കയറിയതോടെ സെലിബ്രിറ്റികളും ഈ നാട്ടുകാരുടെ അതിജീവനത്തിന് പിന്തുണയുമായെത്തി. ടൊവീനോ, സണ്ണി വെയ്ന്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ പിന്തുണ അറിയിച്ചു കഴിഞ്ഞു. ഒരു ജനത നടത്തുന്ന സമരം കാണാതിരിക്കാനാവില്ലെന്ന് ടൊവിനോ തോമസ് പറഞ്ഞു.