കായംകുളം: ധാതുമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്ത ഭീഷിണി നേരിടുന്ന ആലപ്പാട് ജനതയുടെ നിലനില്പ് സംരക്ഷിക്കണമെന്ന ആവശ്യവുമായി ചെറിയഴീക്കലിൽ നടക്കുന്ന സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് സത്യാഗ്രഹ സമരം 72 ദിവസത്തിലേക്ക് കടന്നു.
സമരത്തിനനുകൂലമായി സമൂഹ മാധ്യമങ്ങളിൽ ക്യാന്പയിൻ ശക്തമായതോടെ ഓരോ ദിവസം കഴിയുന്തോറും സമരത്തിന് പിന്തുണയേറുകയാണ്. നിരവധി ജനകീയ സംഘടനകൾ ഇപ്പോൾ നാട്ടുകാരുടെ സമരപന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ഖനനം നിർത്തും വരെ സമരം മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.
ഇനി ഖനനം തുടർന്നാൽ ദേശീയ ജലപാത തന്നെ ഇല്ലാതാകുമെന്നും, ഓണാട്ടുകര മുതൽ അപ്പർകുട്ടനാട് വരെയുള്ള കാർഷിക ജനവാസ മേഖല കടൽവെള്ളം ഇരച്ചുകയറി ഇല്ലാതാകുമെന്നും സമരസമിതി പറയുന്നു.ജയശങ്കർ, യൂത്ത് കോണ്ഗ്രസ് നേതാവ് സി.ആർ. മഹേഷ്, കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, പിഡിപി നേതാവ് മൈലക്കാട് ഷാ, എഐറ്റിയുസി ആലപ്പുഴ ജില്ലാസെക്രട്ടറി തുടങ്ങിയ നിരവധിപ്പേർ ഇന്നലെ സത്യാഗ്രഹ സമരപന്തൽ സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചു.