കായംകുളം: ചെറിയഴീക്കൽ ആലപ്പാട് ഗ്രാമത്തിനു ഭീഷണിയായി നടന്നുവരുന്ന കരിമണൽ ഖനനം കരയും കടലും ഉൾപ്പെടുന്ന പ്രദേശത്തിന് ഭീഷണിയാണെന്നും അതിനാൽ ജനങ്ങളുടെ ഭീതിയകറ്റാതെ സെക്രട്ടറിയേറ്റിലിരുന്ന് മന്ത്രിമാർ വെറുതെ പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആലപ്പാട് സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരും സ്വകാര്യ ലോബികളുമെന്നാണ് വെറുതെ സെക്രട്ടറിയേറ്റിലിരുന്ന് പ്രസ്താവന നടത്താതെ വ്യക്തമായി വെളിപ്പെടുത്തി ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ ബോധവത്കരണം നടത്തണം.
കരയും കടലും തമ്മിലുള്ള ദൂര പരിധി കുറവുള്ള പ്രദേശമാണ് ആലപ്പാട്. അതിനാൽ ഒരു കടലാക്രമണമുണ്ടായാൽ ഈ പ്രദേശം കടലിന്റെ ഭാഗമായി തീരും. എന്നാൽ ജനങ്ങളുടെ ആശങ്കയകറ്റി അപൂർവ ധാതുക്കളാണ് ഈ മണ്ണിലുള്ളത് അത് വേർതിരിച്ചെടുക്കേണ്ടത് ആവശ്യവുമാണ്.
പ്രതിരോധ ആവശ്യങ്ങൾക്ക് അനിവാര്യവുമാണ്. അങ്ങനെയൊരു സാഹചര്യത്തിൽ പരിഭ്രാന്തി ഒഴിവാക്കി ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐറ്റിയുസി ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി എ. അജികുമാർ, കായംകുളം നഗരസഭ കൗണ്‍സിലർ ജലീൽ എസ്. പെരുന്പളത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.