കരുനാഗപ്പള്ളി: സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിംഗ് എന്ന മുദ്രാവക്യം ഉയർത്തി നവംബർ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന്റെ 151-ാം ദിവസമായ നാളെ സത്യഗ്രഹികളുടെ സംഗമവും പൊതുസമ്മേളനവും ചെറിയഴീക്കൽ ശ്രീ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.
സംഗമം ഇൻഡ്യൻ വാട്ടർമാൻ എന്നറിയപ്പെടുന്ന ഡോ.രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യും.ചെറിയഴീക്കൽ അരയവംശപരിപാലന യോഗം പ്രസിഡന്റ് പി.സതീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ദേശീയ കർഷക നേതാവ് അയ്യക്കണ്ണ് , നദി പുനരുദ്ധ ജീവന പ്രവർത്തകൻ അഡ്വ: ഗുരുസ്വാമി ,വൈ. ജോൺ നിക്കോളാസ് ,സമിതി ചെയർമാൻവിളയോടി വേണുഗോപാൽ ,സമിതി ജനറൽ കൺവീനർ സി.ആർ.നീലകണ്ഠൻഎന്നിവർ പങ്കെടുക്കും.
കൂടാതെ കേരളത്തിലെ വിവിധ ജനകീയ സമര നേതാക്കളും, ജില്ലാ സംസ്ഥാന തല ഐക്യദാർഢ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.സമരം 150 ദിവസം പിന്നിടുമ്പോഴും അധികാര കേന്ദ്രങ്ങളും ആലപ്പാട് സമരത്തോട് നിസംഗത പാലിക്കുകയാണ് ഖനന വിഷയംനിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഖനനത്തിന് പരിസ്ഥിതി അനുമതി ഉണ്ടെന്നാണ് വ്യവസായവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചത്.’
എന്നാൽ വിവരാവകാശ രേഖ പ്രകാരം ഖനനത്തിന് പരിസ്ഥിതി അനുമതി ഇല്ലായെന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്. എല്ലാ നിയമങ്ങളേയും മനുഷ്യാവകാശങ്ങളെയും ലംഘിച്ചും തീരപരിസ്ഥിതിയെ തകർത്തും ഖനനം ഇപ്പോഴും തുടരുകയാണ് .ഇനിയും ഖനനം തുടരുകയാണെങ്കിൽ ആലപ്പാട് ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നതിൽ സംശയമില്ല.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് നിലപാടുകൾ സ്വീകരിക്കേണ്ടതില്ലെന്ന് മനഃസക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനുമാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. സമരസമിതി ചെയർമാൻ കെ.ചന്ദ്രദാസ്, കൺവീനർ ആർ.ഗിരീഷ്, സമരസമിതി അംഗം സതീഷ്കുമാർ, കെ.സി.ശ്രീകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.