കൊല്ലം :ഐ ആർ ഇ യുടെ കരിമണൽ ഖനനം മൂലം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന ആലപ്പാട് പഞ്ചായത്തിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കെ സി വേണുഗോപാൽ എം പി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തുനല്കി. രണ്ടു മാസമായി സേവ് ആലപ്പാട് എന്ന പേരിൽ പ്രദേശവാസികൾ അനിശ്ചിതകാല റിലേ നിരാഹാരസമരം നടത്തിവരികയാണ്.
എന്നാൽ സമരക്കാരുമായി ചർച്ച നടത്തുന്നതിനോ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു പരിഹാരമുണ്ടാക്കുന്നതിനോ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവുമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
43 വർഷമായി ഈ പ്രദേശത്തുനടന്നുവരുന്ന അശാസ്ത്രീയമായ ഖനനം മൂലം 81 .5 ഏക്കർ ഭൂമി കടലെടുത്തുപോവുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും മൽസ്യ സമ്പത്തും നഷ്ടമാവുകയും,ജലസ്രോതസുകൾ വറ്റിവരണ്ടുപോവുന്നതുമുൾപ്പെടെയുള്ള കനത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശം നേരിടുന്നത്.
പ്രശ്നപരിഹാരത്തിന് അടുത്തയാഴ്ച പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ചർച്ച നടത്താൻ സർക്കാർ മുൻകൈയെടുക്കണം. ഈ വിഷയത്തിൽ നിയമസഭാ സമിതി നേരത്തെ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അടിയന്തിരമായി പരിഗണിക്കണമെന്നും എം പി ആവശ്യപ്പെട്ടു .