കരുനാഗപ്പള്ളി : കടലാക്രമണത്തിൽ തീരം നഷ്ടമായി കൊണ്ടിരിക്കുന്ന ആലപ്പാട് പഞ്ചായത്തിൽ കേന്ദ്ര ദുരന്തനിവാരണ സേന സന്ദർശനം നടത്തി. കടലിനും കായലിനും ഇടയിലായിആലപ്പാട് പഞ്ചായത്തിൽ ഏകദേശം 19 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പ്രത്യേക ഭൂപ്രകൃതിയുള്ള ഈ പ്രദേശത്തിന്റെ വിവിധ മേഖലകൾ സംഘം സന്ദർശിച്ചു.ശക്തമായ കടൽക്ഷോഭം നേരിടേണ്ടി വരുന്ന മേഖലകളായ അഴീക്കൽ, ശ്രായിക്കാട്, പറയകടവ്, കഴിത്തുറ, ചെറിയഴീക്കൽ, പണിക്കർ കടവ്, വെള്ളനാതുരത്ത് തുടങ്ങിയ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.
ആകസ്മികമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്നും എത്രയും വേഗം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ ഉൾപ്പടെ സംഘം പരിശോധിച്ചു. സാധാരണ പ്രദേശങ്ങളിൽ ഉള്ളതുപോലെയുള്ള സുരക്ഷിത മേഖലകൾ കടലിനും കായലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ തീര ഗ്രാമത്തിൽ ഇല്ലെന്നുള്ളത് ഗൗരവതരമാണെന്ന് സംഘം വിലയിരുത്തിയതായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
പ്രകൃതിദുരന്ത സന്ദർഭങ്ങളിൽ ജനങ്ങളെ വേഗത്തിൽ മറുകരയിലെത്തിക്കുക മാത്രമാണ് മാർഗം. ഇത്തരം കാര്യങ്ങൾ ഉൾപ്പടെയുള്ളവ സംഘം രേഖപ്പെടുത്തി. ചെറിയഴീക്കലിൽ സമരം നടത്തുന്ന സേവ് ആലപ്പാട് ഫോറം പ്രവർത്തകർ പഞ്ചായത്ത് അധികൃതർ, വില്ലേജ് അധികൃതർ എന്നിവരുമായി സംഘം ചർച്ച നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പടെയുള്ളവരും വിവിധ പ്രാദേശിക നേതാക്കളും സംഘത്തിനൊപ്പമുണ്ടായിരുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയിലെ മാരിക്കനി, ജേക്കബ് തോമസ്, രാജു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ജില്ലാ കളക്ടറുമായും സംഘം ചർച്ച നടത്തും. തുടർന്ന് വിശദമായ റിപ്പോർട്ട് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് നൽകും.