‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീം (സ്വാതി റഹീം) പിടിയിലായി.
കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് റഹിമിനെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.
വന്‍തുക ലാഭവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഇരകളെ കെണിയില്‍ വീഴിച്ചിരുന്നത്. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്.
നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ആര്‍ക്കും ലഭിച്ചതുമില്ല. ഇതോടെയാണ് പരാതികള്‍ ഉയര്‍ന്നുവന്നത്.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്സ് നല്കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.
തന്റെ സിനിമാബന്ധങ്ങളും റഹിം തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. സിനിമാതാരങ്ങള്ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാളുടെ വാക്ചാതുര്യവും കണ്ട് കെണിയില്‍ വീണവരുമുണ്ട്.
എല്‍.എല്‍.ബി. പഠനം പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന ഇയാള്‍, സിനിമാമേഖലയില്‍ പ്രോജക്ട് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. ജാക്ക് ആന്‍ഡ് ജില്, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചാണ് സ്വാതിഖ് സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
എന്നാല്‍ ഈ ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പഴയ ഐ-ഫോണ്‍ സമ്മാനമായി നല്കി കബളിപ്പിച്ചെന്നും ആരോപണമുണ്ട്. പഴയ ഐ-ഫോണുകള്‍ പുതിയ പെട്ടിയിലാക്കി നല്‍കിയാണ് താരങ്ങളെ പറ്റിച്ചത്.
ചുരുങ്ങിയകാലം കൊണ്ട് വന്‍കിട ബിസിനസുകാരനായി മാറിയെന്ന് പറഞ്ഞ് മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
‘ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്’ അടക്കമുള്ള വിഷയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെയാണ് ഇയാള്‍ ക്ലാസെടുത്തിരുന്നത്.
സ്വാതിഖിന്റെ തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ വരുംദിവസങ്ങളില്‍ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസില്‍ നിന്നുള്ള വിവരം.