കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം അടങ്ങിയതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക വിവാദം. ആള്‍മാറാട്ടം നടത്തി വായ്പയും പണം തിരിമറിയും നടത്തിയ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതൃത്വത്തിനെതിരേ സേവ് സിപിഎം ഫോറം എന്ന പേരിൽ നാട്ടിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
വെള്ളൂര്‍ കോത്തായിമുക്കിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍നിന്ന് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം രണ്ട് ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായുള്ള ആരോപണമാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍. കുറ്റാരോപിതനായ നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെതിരേയാണ് പോസ്റ്ററുകൾ.
നേരത്തെയും ഇയാള്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളുയര്ന്നിരുന്നതായാണ് വിവരം. “ഏയ് നേതൃത്വമേ, നിങ്ങള്‍ എത്ര തവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു. പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കും’ എന്ന മുന്നറിയിപ്പുമായാണ് സേവ് സിപിഎം ഫോറം എന്ന പേരില്‍ വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആരോപണവിധേയൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു ബാങ്കിലടയ്ക്കേണ്ട ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നിട്ടും, പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യാതെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
നേരത്തേ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ആരോപണ വിധേയനായ പ്രമുഖന് അനുകൂലമായ നലപാട് സ്വീകരിച്ചതിന്റെ നന്ദിയായിട്ടാണ് പാര്‍ട്ടി നേതൃത്വം കണ്ണടച്ചതെന്നാണ് പാർട്ടിക്കുള്ളിലെ രഹസ്യസംസാരം.
അതേസമയം പയ്യന്നൂരിലെ ബാങ്കിന്റെ ഒരു ശാഖയില്‍ ആള്‍മാറാട്ടം നടത്തി വായ്പയെടുത്തതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജീവനക്കാരന് മുന്‍ കൗണ്‍സിലറുടെ ഭാര്യയുടെ പേരിലാണ് അമ്പതിനായിരം രൂപയുടെ വായ്പയെടുത്തത്.
ജാമ്യക്കാരെയും വ്യാജമായാണ് ചേര്‍ത്തത്. വായ്പ കാലാവധിക്ക് നോട്ടീസ് ലഭിക്കുകയും ജാമ്യക്കാരനായി പേര് ചേര്‍ക്കപ്പെട്ടയാള്‍ വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന സാഹചര്യവുമുണ്ടാവുകയും ചെയ്തപ്പോഴാണ് കള്ളക്കളി പുറത്തായത്. ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ബാങ്കോ പാര്‍ട്ടിയോ ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്. ബാങ്കിന്റെ തലപ്പത്ത് പയ്യന്നൂരിലെ നേതാവായതിനാല്‍ നടപടിയുണ്ടാകില്ലായെന്നാണ് അണികള്‍തന്നെ പറയുന്നത്.
മറ്റൊരു ഡിവൈഎഫ്ഐ നേതാവ് കുടുംബശ്രീകള്‍ക്ക് നല്കുന്ന പത്ത് ലക്ഷം രൂപയുടെ വായ്പയും തരപ്പെടുത്തിയെടുത്തതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. മുറ്റത്തെ മുല്ല എന്ന പദ്ധതിയില്‍ വായ്പയെടുപ്പിച്ച് ഇയാള്‍ കൈക്കലാക്കുകയായിരുന്നു. ഈ നേതാവും പയ്യന്നൂരില്‍ മുമ്പുണ്ടായ സാമ്പത്തിക തിരിമറിയിലുള്പ്പെട്ട പ്രമുഖനുവേണ്ടി രംഗത്തെത്തിയിരുന്നതിനാല് ഇയാള്‍ക്കെതിരേയും നടപടിയുണ്ടാകില്ലയെന്നാണ് അണിയറ സംസാരം.
തിരിമറി നടത്തിയ പണം തിരിച്ചടപ്പിക്കാതെ ജാഗ്രതക്കുറവിന്റെ പേരുപറഞ്ഞ് നടപടികളില്‍ വെള്ളം ചേര്‍ത്തതാണ് താഴെയുള്ള നേതാക്കള്‍ക്ക് വളമായതെന്നും പാർട്ടി ക്കുള്ളിൽ സംസാരമുണ്ട്.