കണ്ണൂര്‍: കണ്‍സൾട്ടന്‍സി കരാര്‍ നല്കി അവരുമായി നേരിട്ടു ബന്ധം സ്ഥാപിച്ച് അഴിമതി നടത്താന്‍ സൗകര്യം ചെയ്തുനൽകുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്.
മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നേരിട്ടു നിയന്ത്രിക്കുന്ന കണ്സൾട്ടന്സികളെല്ലാം അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണക്കള്ളക്കടത്ത് ബന്ധം, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ വീഴ്ച,
ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി നടത്തുന്ന സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി ഭാരവാഹികളുടെയും നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി.ജയരാജനൊഴിച്ച് എല്ലാറ്റിലും പ്രതികരിക്കുന്ന ജി. സുധാകരനും തോമസ് ഐസക്കും മറ്റു ഘടകകക്ഷി മന്ത്രിമാരും മുഖ്യമന്ത്രിയെ ന്യായീകരിച്ചു രംഗത്തുവന്നിട്ടില്ല. ഒരു മുഖ്യമന്ത്രിക്കെതിരേ ഇത്രയും വലിയ പ്രതിസന്ധി കേരളത്തില്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷത വഹിച്ചു. സത്യഗ്രഹസമര ഭടന്മാരായ സജീവ് മാറോളി, സജീവ് ജോസഫ് തുടങ്ങിയവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ ചെയര്മാന് പ്രഫ.എ.ഡി മുസ്തഫയും സമരത്തില്‍ പങ്കെടുത്തു.