വടകര: ജില്ലയിൽ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണവിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഈ വർഷത്തെ മഴയാത്ര ജൂലൈ 28 ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും. പക്രന്തളത്തു നിന്ന് ആരംഭിക്കുന്ന യാത്ര പൂതംപാറ സമാപിക്കും. നിപ്പാ ഭീതി, കനത്ത കാലവർഷം ഇവയുടെ പശ്ചാത്തലത്തിൽ പ്രതീകാത്മകമായിട്ടായിരിക്കും ഇത്തവണ യാത്ര നടത്തുക.
പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവരാവും യാത്രയിൽ അണിചേരുക. മുതിർന്ന വിദ്യാർഥികൾ സ്വമേധയാ യാത്രയിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. കോളജ് വിദ്യാർഥികൾ എസ്പിസി, എൻഎസ്എസ്, എൻസിസി ഇവയ്ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. യാത്രയിൽ പങ്കെടുക്കുന്നവർ രാവിലെ ഒന്പതിനു മുൻപ് പക്രന്തളം ഹിൽബറക്ക് സമീപം എത്തിച്ചേരണം.
ലഘുഭക്ഷണം, വെള്ളം എന്നിവ കരുതണം. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കണം. കൈയിൽ വിത്തുകൾ കരുതണം. യാത്രാമധ്യേ ഇവ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ജൈവസന്പത്ത് വർധിപ്പിക്കാം. ആളുകളുമായി വരുന്ന വാഹനങ്ങൾ പക്രന്തളത്ത് അവരെ ഇറക്കിയ ശേഷം പൂതംപാറ ചൂരണി റോഡിൽ പാർക്കുചെയ്യേണ്ടതാണ്.
കാർഷിക സംസ്കാരത്തിന് അനുയോജ്യമായ വേഷവിധാനങ്ങളും മുദ്രാവാക്യങ്ങളുമായി ഈ യാത്രയെ വർണശബളമാക്കാവുന്നതാണ്. കഴിഞ്ഞ വർഷത്തെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ വിതരണം ചെയ്യും. ഈ വിദ്യാലയങ്ങളുടെ പ്രതിനിധികൾ ഉദ്ഘാടന സമയത്ത് എത്തിച്ചേരണം.
ഒരേ വരിയിൽ തുടർച്ചയായി അല്ലാതെ ഓരോ ചെറുസംഘങ്ങളായി യാത്ര ചെയ്യാം. സമീപത്തുള്ള കർഷകർക്കും കാർഷികവിളകൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലായിരിക്കണം യാത്ര. പങ്കെടുക്കുന്നവർ 9562734732 എന്ന നന്പരിലേക്ക് വാട്ട്സാപ്പു ചെയ്ത് രജിസ്റ്റർ ചെയ്യണം.
എ.ജെ.ജോണ് മെമ്മോറിയൽ ഹൈസ്കൂളിൽ ചേർന്ന ആലോചനാ യോഗം കെ.പി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ടി.ടി.മൂസ അധ്യക്ഷതവഹിച്ചു. സേവ് ജില്ലാ കോ-ഓഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. അബ്ദുള്ള സൽമാൻ, കെ.ടി.മോഹനൻ, ജിജി കട്ടക്കയം, എ.വി.അംബുജാക്ഷൻ, സി.എം. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.സജിത്ത് (ചെയർമാൻ), ഡിഡിഇ ഇ.കെ.സുരേഷ് കുമാർ (ജനറൽ കണ്വീനർ), അബ്ദുള്ള സൽമാൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.