ഭാരതീയ സംസ്കാരമനുസരിച്ച് പുണ്യവും പരിശുദ്ധവുമായ നദികളെപ്പോലും മാലിന്യക്കൂന്പാരമാക്കി മാറ്റിയ നാടാണ് ഇന്ത്യ. ഈ നദികളുടെ സംരക്ഷണത്തിനായി സർക്കാർ കോടികൾ മാറ്റിവച്ചിട്ടും അവയുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നദീ സംരക്ഷണത്തിൽ ഇന്ത്യക്ക് പിന്തുടരാൻ പറ്റിയ ഒരു മാതൃകയുമായി എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് സർക്കാർ.
ന്യൂസിലൻഡിലെ ഒരു പുരാതന ഗോത്രവർഗമാണ് വാൻഗാന്വി. ഇവർ അധിവസിക്കുന്ന സെൻട്രൽ നോർത്ത് ദ്വീപിലൂടെ ഒഴുകുന്ന നദിക്കും ഈ ഗോത്രത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഈ ഗോത്രവിഭാഗക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുണ്യ നദിയായിരുന്നു. ധാരാളം മത്സ്യ സന്പത്തുള്ള ഈ നദി ഇതിന്റെ പരിസരങ്ങളിൽ വസിച്ചിരുന്നവർക്ക് ജലവും അന്നവും പ്രദാനം ചെയ്തിരുന്നു.
പക്ഷെ 1800കളിൽ യൂറോപ്പിൽനിന്നുള്ള കുടിയേറ്റക്കാർ എത്തിയതോടെ കഥയാകെ മാറി. അവർ മണൽ വാരിയും ഡാമുകൾ കെട്ടിയും നദിയുടെ പരിസരങ്ങളിൽ വലിയ വ്യവസായ ശാലകൾ പണിതുമൊക്കെ നദിയുടെ തനത് ആവാസ വ്യവസ്ഥയെ തകിടം മറിച്ചു. വാൻഗാന്വി ഗോത്രവർഗക്കാർ വളരെ വേദനയോടെയാണ് ഈ കാഴ്ചകൾ കണ്ടു നിന്നത്. ഒരു നൂറ്റാണ്ട് നീണ്ട ചൂഷണത്തിനൊടുവിൽ ഈ നദിയെ സംരക്ഷിക്കാൻ ന്യൂസിലൻഡ് സർക്കാർ തന്നെ ഇപ്പോൾ മുന്നോട്ടിറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഈ നദിയെ രാജ്യം ഒരു പൗരനായി അംഗീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഒരു പൗരനു ലഭിക്കുന്ന എല്ലാ അവകാശങ്ങളും വാൻഗാന്വി നദിക്കും ലഭിച്ചു തുടങ്ങി. ഇപ്പോൾ ആർക്കും നദിയുടെ സ്വാഭാവികത നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കില്ല.
നദിയിൽനിന്ന് മീൻപിടിക്കാൻ വാൻഗാന്വി ഗോത്രവർഗക്കാർക്ക് മാത്രമെ അവകാശമുള്ളു. അതും അവരുടെ പരന്പരാഗത മാർഗങ്ങൾ ഉപയോഗിച്ച് മാത്രം. നദിയുടെ ശുചീകരണ പ്രവർത്തനങ്ങളും വാൻഗാന്വി ഗോത്രവർഗക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.