ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.
പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വിൽസണ് ആണ് അപകടത്തിൽപ്പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ കുഴൽക്കിണറിനുള്ളിൽനിന്ന് കരച്ചിൽശബ്ദം കേട്ടു.
68 അടി താഴ്ചയിൽ
25 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി പോയി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 13 മണിക്കൂറിലധികമായി രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പത്തടി താഴെ പാറയായതിനാൽ ഡ്രില്ലിങ്ങിനു തടസം നേരിടുന്നതായി സ്റ്റേഷൻ ഓഫീസർ പി. ഗണേശൻ പറഞ്ഞു.
ജീവന്റെ തുടിപ്പ്
അഞ്ചുവർഷംമുന്പ് കുഴിച്ച കിണർ വെള്ളമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണ്. വിവരമറിഞ്ഞ് മണപ്പാറയിൽനിന്ന് ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിതി സങ്കീർണമാണെന്ന് കണ്ടതോടെ കൂടുതൽ രക്ഷാസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കൽ സംഘം കിണറിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയ് ഭാസ്കർ, ജില്ലാ കളക്ടർ ശിവരസ്, എസ്.പി. സിയാൽ ഹഖ് എന്നിവർ സ്ഥിതിഗതി നേരിട്ടു വിലയിരുത്തുന്നുണ്ട്. #SaveSujith എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കാന്പെയിൻ സജീവമാണ്.