കൊല്ലം: സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, സുരക്ഷിത ലോക്കർ തുടങ്ങിയവയിൽ നിക്ഷേപകർക്ക് നോമിനിയെ നിർബന്ധമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ജീവിച്ചിരിക്കുന്ന നിക്ഷേപകർക്കും മരിച്ച നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ആർബിഐയുടെ പുതിയ നിർദേശം.നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും നോമിനേഷൻ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇതുവഴി ഇത്തരം അക്കൗണ്ടുകളിൽ നിന്ന് നിയുക്ത ഗുണഭോക്താവിന് (നോമിനി ) കാലതാമസമോ നിയമപരമായ സങ്കീർണതകളോ ഇല്ലാതെ ഫണ്ട് കൈമാറുന്ന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
നിക്ഷേപകന്റെ കാലശേഷം കുടുംബാംഗങ്ങളുടെ ക്ലയിമുകൾ വേഗത്തിൽ തീർപ്പാക്കാനും അതിനുള്ള നടപടികൾ ലഘൂകരിക്കാനും നോമിനിയെ നിർബന്ധമായും ഉൾപ്പെടുത്തണം എന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയ്ക്കെല്ലാം ഈ നിർദേശം ബാധകമാണ്.
നോമിനേഷൻ സംബന്ധിച്ച് ഇത്തരം സ്ഥാപനങ്ങൾ കൃത്യമായ അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നൽകണം. കൂടാതെ വിവിധ മാധ്യമങ്ങൾ വഴിയും വിവരം അറിയിക്കണം.
ആർബിഐയുടെ ഇപ്പോഴത്തെ നിർദേശം അനുസരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉപഭോക്തൃ സേവന സമിതി അല്ലെങ്കിൽ ഡയറക്ടർ ബോർഡ് നോമിനേഷൻ കവറേജ് സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ അവലോകനം നടത്തണം.
2025 മാർച്ച് 31-മുതൽ ദക്ഷ് പോർട്ടൽ വഴി ഇതിന്റെ പ്രോഗ്രസ് റിപ്പോർട്ടുകൾ ത്രൈമാസികമായി സമർപ്പിക്കണം.
മരിച്ച ഉപഭോക്താക്കളുടെ നോമിനേഷനുകളും ക്ലയിമുകളും ഫല പ്രദമായി കൈകാര്യം ചെയ്യാൻ ഓരോ ബ്രാഞ്ചിലെയും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോമിനേഷൻ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് അക്കൗണ്ട് തുറക്കൽ അപേക്ഷാ ഫോമുകൾ പരിഷ്കരിക്കാനും റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.
അർഹതയുള്ള എല്ലാ അക്കൗണ്ടുകളിലും നോമിനേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബോധവത്ക്കരണ കാമ്പയിൻ അടക്കമുള്ള സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കണമെന്നും റിസർവ് ബാങ്ക് നിർദേശത്തിലുണ്ട്.റിസർവ് ബാങ്ക് സമീപകാലത്ത് നടത്തിയ വിശദമായ പരിശോധനയിൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലുമുള്ള ഗണ്യമായ എണ്ണം ഡിപ്പോസിറ്റ് അക്കൗണ്ടുകളിലും നോമിനേഷനുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
മാത്രമല്ല പലയിടത്തും ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കരിക്കപ്പെടാതെ കോടതി വ്യവഹാരങ്ങളിൽ എത്തി നിൽക്കുന്നതായും ബോധ്യപ്പെട്ടു. ഇതൊക്കെ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോമിനേഷൻ നിർബന്ധമാക്കി കൊണ്ടുള്ള റിസർവ് ബാങ്ക് നീക്കം.
്ദേശസാത്കൃത ബാങ്കുകൾ ഇതിൻ്റെ അടിസ്ഥാനത്തിൽ നോമിനേഷൻ ഇല്ലാത്ത അക്കൗണ്ടുകളിൽ അത് അടിയന്തിരമായി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ നൽകുന്നത് ആരംഭിച്ച് കഴിഞ്ഞു.
- എസ്.ആർ. സുധീർ കുമാർ