കായംകുളം :സുഹൃത്തായ യുവാവുമായുണ്ടായ സംഭാഷണത്തിനൊടുവിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെകിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തായ യുവാവുമായി സംസാരിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരീപുത്രിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടു വര്‍ഷം മുമ്പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് സതീഷ് വിദേശത്താണ്.
പോലീസ് പറയുന്നത്
സംഭവത്തെക്കുറിച്ച് വള്ളികുന്നം പോലീസ് പറയുന്നതിങ്ങനെ. സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവുമായി സൗഹൃദത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ചുവരുത്തി അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി.
വീടിന് പുറത്തുനടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി.ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതിനിടെ യുവാവ് സ്ഥലംവിടുകയും ചെയ്തു.യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇയാൾ ഒളിവിൽ പോയതായും സൂചനയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്നലെ സന്ധ്യയോടെ കായംകുളത്തുള്ള യുവതിയുടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും പിതാവ് സജു പോലീസിനു പരാതി നൽകി .
വള്ളികുന്നം ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, വിരലടയാളവിദഗ്ധർ, ശാസ്ത്രീയ പരിശോധനാസംഘം എന്നിവർ തെളിവെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്സവിതയുടെ ബന്ധുക്കൾ
കായംകുളം: വള്ളികുന്നത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സവിതയുടെ ബന്ധുക്കൾ ആരോപിച്ചു. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24 )യെ യാണ് കഴിഞ്ഞ ദിവസം ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് .
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വിവാഹത്തിന് മക്കൾക്ക് നൽകിയ സ്വർണാഭരണങ്ങൾ മുഴുവനും വീട്ടുകാർ കൈക്കലാക്കിയ ശേഷം മകളെ കൊലപ്പെടുത്തിയെന്നാണ് സവിതയുടെ മാതാപിതാക്കൾ ആരോപിക്കുന്നത് .
ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സവിതയെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ ഇതിന് തയാറായില്ലയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം മരണത്തിന് ശേഷം സവിതയുടെ ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ.