ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ ജയില്‍ശിക്ഷ അനുഭവിച്ച യുവതി വീണ്ടും അതേ കുറ്റത്തിന് അറസ്റ്റിലായി. ഉദയംപേരൂര്‍ പുതുക്കാട്ടുവെളി സവിത(34)യാണ് പോലീസ് പിടിയിലായത്. ഹോംനേഴ്സായും വീട്ടുജോലിക്കാരിയായും നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതിനാണ് ഇവരെ അറസ്റ്റുചെയ്തത്. ചോറ്റാനിക്കര ഉദയാനഗറില്‍ വാടകയ്ക്കു താമസിച്ചിരുന്ന ദമ്പതികളുടെ സ്വര്‍ണവും പണവും അടക്കം 1,66,000 രൂപയുടെ മോഷണം നടത്തിയതാണ് പുതിയ കുറ്റം.
ശിവരാമന്-രാധ ദമ്പതികളുടെ വീട്ടില്‍ ഹോംനേഴ്സായെത്തിയാണ് സവിത വസ്തുവകകള്‍ കവര്‍ന്നത്. ഇവരെ ശുശ്രൂഷിക്കുന്നതിനു തൃപ്പൂണിത്തുറയിലെ ഒരു ഹോംനഴ്സിങ് സ്ഥാപനം വഴിയാണു സവിത വീട്ടില്‍ എത്തിയതെന്നും എസ്ഐ സുനില്‍ തോമസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സവിതയെ റിമാന്‍ഡ് ചെയ്തു. ഹോംനേഴ്സായി ജോലി ചെയ്ത് തരംകിട്ടുമ്പോള്‍ മോഷണം നടത്തുകയെന്നതാണ് ഇവരുടെ സ്ഥിരം രീതി. ഉദയംപേരൂര്‍, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ട്.