കൊല്ലം : വീട് തന്റെ പേരിൽ എഴുതിനൽകാത്തതിനെതുടർന്ന് മകൻ വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കുഴിച്ചു മൂടാൻ സഹായിച്ച ആൾ പിടിയിൽ. മകനെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കൊല്ലം ചെമ്മാൻമുക്ക് നീതിനഗർ 70ൽ പ്ലാമൂട്ടികിഴക്കതിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി (82)യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാർ അറസ്റ്റിലായത്. കുഴിച്ചുമൂടാൻ സഹായിച്ച സുനിൽകുമാറിന്റെ സുഹൃത്ത് ഓട്ടോഡ്രൈവർ കുട്ടൻ ഒളിവിലായിരുന്നു.
സംഭവം നടന്ന് ഒരുമാസത്തിനുശേഷമാണ് വിവരം പുറം ലോകമറിയുന്നത്. അമ്മയെ കാണാനില്ലെന്ന മകൾ ലാലിയുടെ പരാതിയെതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിൽകുമാർ പിടിയിലായത്. വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് സുനിൽകുമാർ മാതാവിനെ നിരന്തരം മർദിച്ചിരുന്നു. ഈ വിവരം പരിസരിവാസികൾ പോലീസിനോട് പറഞ്ഞതിനെതുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.