ഹരിപ്പാട്: കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്സ് സ്വർണാഭരണങ്ങളും മൊബൈലും പണവും കവർന്നു.
സംഭവത്തിൽ എട്ടു മാസങ്ങൾക്കുശേഷം കൊടുത്ത പരാതിയിൽ മണിക്കുറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി.
മണ്ണാറശാല തുലാംപറന്പ് നോർത്ത് ആയിശേരിൽ വീട്ടിൽ സാവിത്രി രാധാകൃഷ്ണൻ നായരെ(48)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്റെ വീട്ടിൽനിന്ന് മൂന്നു ജോഡി കമ്മൽ, ജിമിക്ക, രണ്ടു മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, രണ്ടു മാട്ടി, മൊബൈൽ ഫോൺ എന്നിവയും 3500 രൂപയുമാണു മോഷണം പോയത്.
2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്.
മോഷണശേഷവും മൂന്നു മാസം സാവിത്രി ഇവിടെ ജോലിചെയ്തു. രോഗിയായ അമ്മയെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വന്നിരുന്നതിനാൽ ആരാണ് മോഷണം നടത്തിയതെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ അന്ന് പോലീസിൽ പരാതി നൽകിയില്ല.
കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിൽ തന്നെയുള്ള മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പോലീസിൽ അറിയിച്ചു.
ആ വീട്ടിൽ ജോലിക്ക് നിന്നെ സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സാവത്രിയാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിൽ സാവത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപ്പിച്ചു കേസ് കൊടുക്കല്ലേ എന്ന് അപേക്ഷിച്ചു തുടർന്ന് വീട്ടുകാർ കേസ് പിൻവലിച്ചു.
ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പോലീസിൽ പരാതി നൽകി. പ്രതി വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ചതും വിൽക്കുകയും ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
നങ്ങ്യാർകുളങ്ങരയിലുള്ള സ്ഥാപനത്തിലെ ഹോം നഴ്സ് ആണ് സാവിത്രി. പ്രതി ഈ സ്ഥാപനം മുഖേനയാണു വീടുകളിൽ ജോലിക്ക് പോയിരുന്നത് പ്രതി മുന്പു ജോലിചയ്തിരുന്ന വീടുകളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഹരിപ്പാട് എസ്. എച്ച്.ഒ ശ്യാംകുമാർ വി എസ്, എസ്. ഐ ഷൈജ എഎച്ച്, എ. എസ്. ഐ നിസാർ, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, മഞ്ജു, രേഖ, ചിത്തിര, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.