ന്യൂഡൽഹി : ഉത്തർപ്രദേശിൽ മേൽജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടുവെന്ന ‘കുറ്റ’ത്തിന്് എട്ടുമാസം ഗർഭിണിയായ ദളിത് യുവതിയെ അടിച്ചുകൊന്നു. തലയ്ക്കേറ്റ മാരക പരിക്കുകളാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബുലന്ദ്ഷഹർ ജില്ലയിലെ ഖേതാൽപുരിലെ ഭാൻസോലി ഗ്രാമത്തിലാണ് മനഃസാക്ഷിയെ നടുക്കിയ ക്രൂരകൃത്യം. വീടുതോറും മാലിന്യം ശേഖരിക്കുന്ന സാവിത്രീ ദേവിയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 15ന് രാവിലെ ഒന്‍പതോടെ മാലിന്യം ശേഖരിക്കാൻ പോയ സാവിത്രീ ദേവി ഓട്ടോ തട്ടി വീഴുന്നതിനിടെ മേൽജാതിക്കാരായ ഠാക്കൂർ വിഭാഗത്തിലെ സ്ത്രീയുടെ ബക്കറ്റിൽ തൊട്ടു. ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു എന്ന ഠാക്കൂർ യുവതി സാവിത്രിയുടെ വയറ്റിൽ കുത്തുകയും തല പിടിച്ച് ചുമരിലിടിപ്പിക്കുകയും ചെയ്തു.
അഞ്ജുവിന്റെ മകൻ രോഹിത്തും മർദിച്ചു. ഗുരുതരമായി പരിക്കേറ്റ സാവിത്രി ആറുദിവസത്തിനുശേഷം മരിച്ചു. ഉദരത്തിലുണ്ടായിരുന്ന എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞും മരിച്ചു. അഞ്ജുവും മകനും ഒളിവിലാണ്.
മർദനമേറ്റ ഉടൻ സാവിത്രിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തര ചികിത്സ നൽകാൻ അധികൃതർ വിസമ്മതിച്ചതായി ഭർത്താവ് ദിലീപ്കുമാർ പറഞ്ഞു. കാര്യമായ കുഴപ്പമില്ലെന്നും വീട്ടിൽ പോയി വിശ്രമിച്ചാൽ മതിയെന്നുമാണ് അവർ പറഞ്ഞത്. 21ന് സാവിത്രി വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ദിലീപ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം യുപിയിൽ മുസ്ളിം, ദളിത് വിഭാഗക്കാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുകയാണ്.