കോട്ടയം: ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും സീസണ് എത്തിയതോടെ ഉള്ളിയും സവാളയും സദ്യവട്ടങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. സദ്യ വെജോ, നോണ്‍ വെജോ ആവട്ടെ ഉള്ളിയും സവോളയുമില്ലാതെ രുചിക്കൂട്ടുകൾ തയാറാവുക അസാധ്യം.കേറ്ററിംഗ് സംരഭകർ ഉള്ളി, സവാള വില ഇടപാടുകാരെ ധരിപ്പിച്ചാണ് മെനുവും നിരക്കും നിശ്ചയിക്കുന്നത്.
അതല്ലെങ്കിൽ ഈ രണ്ട് ഇനങ്ങൾ വേണ്ട അളവിൽ വാങ്ങിക്കൊടുക്കാൻ കേറ്ററിംഗുകാർ നിർദേശം വയ്ക്കുന്നു. ഗുണനിലവാരം കുറഞ്ഞ ഉള്ളിയും സവാളയും വാങ്ങി സദ്യയുടെ രുചി കുറയ്ക്കാൻ പലരും താൽപര്യപ്പെടുന്നുമില്ല.
ആയിരം പേരുടെ സദ്യയ്ക്ക് കുറഞ്ഞത് 150 കിലോ സവോളയും 40 കിലോ ഉള്ളിയും വേണ്ടിവരും. ഹോൾസെയിൽ നിരക്കിൽ വാങ്ങിയാലും വില ഭയങ്കരം തന്നെ. കോഴിയിറച്ചിയോളം വില സവോളയ്ക്കും എന്നതാണ് സ്ഥിതി. ബിരിയാണി സദ്യയിൽ സാലഡ് തയാറാക്കാനും സവാള വേണം.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലോറിക്കൂലിയുടെ വർധനയാണ് കേരളത്തിൽ ഇത്രയേറെ വില കയറാൻ കാരണം. ഇപ്പോഴത്തെ നിരക്കിൽ ഡിന്നറുകളുടെ നിരക്കിൽ 10 ശതമാനം വില ഉയർത്തിയാണ് കേറ്ററിംഗുകാർ നിരക്ക് പറയുന്നത്. ഇഞ്ചിയുടെ വിലവർധനയും സദ്യവട്ടങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
അതിനാൽ വെജിറ്റേറിയൻ സദ്യകളിൽനിന്ന് ഇഞ്ചിക്കറി ഒഴിവാക്കാൻ നിർബന്ധിതരാകുന്നവരുമുണ്ട്. വിളവെടുപ്പ് എത്തുന്നതോടെ സവോള, ഇഞ്ചി വില കുത്തനെ താഴുമെന്നതിനാൽ അടുത്ത മാസം മുതൽ കല്യാണ, മനസമ്മത ചടങ്ങു കളുടെ സദ്യകൾക്ക് നിരക്ക് താഴ്ത്തിയാണ് ഓർഡർ ബുക്കിംഗ്.