ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നതെന്ന് വ്യാപാരി പറഞ്ഞു.
നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ലോറി ഡ്രൈവർ പ്രദേശവാസിയായിരുന്നു.കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. മധ്യപ്രദേശിൽ സോളയുടെ വില കിലോഗ്രാമിന് 100 രൂപയാണ്.
ഇതേത്തുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടണ്‍ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. ഗുജറാത്തിലെ സൂറത്തിലെ ഒരു കടയിൽ നിന്ന് 250 കിലോഗ്രാം സവാള മോഷണം പോയതായും പരാതിയുണ്ട്.
50 കിലോയുടെ അഞ്ച്് ചാക്ക് സവാളയാണ് മോഷണം പോയത്. കിലോഗ്രാമിന് 90- 100 രൂപയാണ് ഗുജറാത്തിലെ സവാള വില. വ്യാഴാഴ്ച സൂറത്തിലെ പാലൻപുർ പടിയ മേഖലയിലുള്ള ഒരു പച്ചക്കറിക്കടയിലാണു സംഭവം നടന്നത്. പതിവുപോലെ സവാള ചാക്കിലാക്കി വെച്ചിരുന്നതാണെന്നും ഇതാണു കാണാതായതെന്നും കടയുടമയായ അമിത് കനോജിയ പറഞ്ഞു.