ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി. വില വർധനയെ കുറിച്ചു പരിശോധിച്ച കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം.
ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി നൽകുമെന്നും നവംബർ അവസാനത്തോടെ വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു. മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കിലോഗ്രാമിനു വില 100 രൂപയ്ക്കു മുകളിലുയർന്ന സാഹചര്യത്തിലാണ് വിഷയം ഉപഭോക്തൃകാര്യ മന്ത്രാലയം പരിശോധിച്ചത്.
ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിലും സവാള വില 80 രൂപയിലെത്തിയപ്പോൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും ഒക്ടോബർ അവസാനത്തോടെ പെട്ടെന്ന് വില ഉയർന്ന് 100 രൂപയോളമാവുകയായിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ല്കനൗ തുടങ്ങിയ ഭാഗങ്ങളിലെല്ലാം 80-100 രൂപയ്ക്കാണ് ഒരു കിലോഗ്രാം സവാള വിൽക്കുന്നത്.