തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കിൽനിന്ന് സവാള എത്തിക്കും.
50 ടൺ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയിൽ വിൽക്കും. വരും ദിവസങ്ങളിൽ കൂടുതൽ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില.
പ്രമുഖ സവാള ഉത്പാദക സംസ്ഥാനങ്ങളായ കർണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മഴകാരണം വിളനാശമുണ്ടായതാണ് വില ഉയരാനിടയാക്കിയത്. ഉത്സവകാലം മുന്നിൽക്കണ്ടുള്ള പൂഴ്ത്തിവയ്പ്പും വിലകൂടാൻ കാരണമായി.
ഡൽഹിയിൽ എഎപി സർക്കാർ വിപണിയിൽ ഇടപെട്ട് കിലോ 23.90 രൂപയ്ക്ക് സവാള വിറ്റുതുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചിരുന്നു.