തിരുവനന്തപുരം: സവാളയുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നു സംഭരിച്ച 50 ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ്പ്ലൈകോ ക്രിസ്മസ് സ്പെഷൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്ന് 50 ടൺ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചുവരികയാണ്. ദിവസങ്ങൾക്കുള്ളിൽ അവ കേരളത്തിൽ വിതരണത്തിന് എത്തിച്ചേരും. ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതൽ 77 രൂപ വരെ നിരക്കിൽ കേരളത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്പോളങ്ങളിലെ വില കുറയ്ക്കുവാൻ മൊത്ത വ്യാപാരികൾ നിർബന്ധിതരാകും. വിലവിവരം പ്രദർശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉരുളക്കിഴങ്ങ് വില ഉയരുന്നു
ന്യൂഡൽഹി: ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങ് വിലയും ക്രമാതീതമായി ഉയരുന്നു. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ മാത്രം ഉരുളക്കിഴങ്ങിന് 75 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലും വലിയ തോതിലുള്ള വിലവർധനയുണ്ടായി. എന്നാൽ, വരുംദിവസങ്ങളിൽ വില കുറയുമെന്നാണ് ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഉള്ളിവില കുറയ്ക്കുന്നതിനായി ഇറക്കുമതി അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടും ഫലം കാണാതിരിക്കുന്നതിനിടെയിലാണ് ഉരുളക്കിഴങ്ങിന്റെയും മറ്റും വില ഉയരുന്നത്. കഴിഞ്ഞ ആഴ്ചയിൽ 22 രൂപയ്ക്ക് വിറ്റിരുന്ന ഉരുളക്കിഴങ്ങിന്റെ വില ഡൽഹിയിൽ ഇന്നലെ 32- 40 രൂപയായി ഉയർന്നു.
ഇറക്കുമതി ചെയ്ത ഉള്ളി നാഫെഡ് വഴി വിറ്റഴിക്കുന്നെന്ന് സർക്കാരുകൾ വിശദീകരിക്കുന്പോഴും സവാളയ്ക്കു കിലോഗ്രാമിനു 120 രൂപയാണ് കുറഞ്ഞ വില. മറ്റ് പച്ചക്കറി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. കോൽക്കത്തയിൽ പലയിടത്തും സവാള വില 200 രൂപയ്ക്കു മുകളിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പഞ്ചാബിലും ഉത്തർപ്രദേശിലും ബംഗാളിലും കാലം തെറ്റി മഴ പെയ്തതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.