ബംഗളൂരു: കുതിച്ചുയരുന്ന സവാളവിലയിൽ കണ്ണുനീറി രാജ്യം. ബംഗളൂരുവിൽ സവാളയ്ക്ക് ചിലയിടങ്ങളിൽ 200 രൂപ കടന്നു. സവാള ആവശ്യത്തിന് ലഭിക്കാനില്ലെന്നും അധികൃതർ പറഞ്ഞു.
ബംഗളൂരുവിൽ ചില കടകളിൽ സവാളയ്ക്ക് 200 രൂപയാണെന്ന് സംസ്ഥാന അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ഓഫീസർ സിദ്ധഗംഗയ്യ പറഞ്ഞു. ഒരു ക്വിന്റൽ സവാളയ്ക്ക് 5,500നും 14,000നും ഇടയിലാണ് വിലയെന്നും സിദ്ധഗംഗയ്യ പറഞ്ഞു.
സവാളവില ഉയരുന്നതിൽ ജനരോഷം ശക്തമാവുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രളയത്തെ തുടർന്നുണ്ടായ കൃഷിനാശമാണ് വില വർധനയ്ക്ക് കാരണം. വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞിട്ടുണ്ട്.