വിവാഹതരായ ദമ്പതികൾ പരസ്പരം പൂമാല ചാർത്തുന്ന ചടങ്ങ് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. എന്നാൽ ഉത്തർപ്രദേശിലെ വാരാണസിയിൽ അടുത്തിടെ വിവാഹിതരായ ദമ്പതികൾ ഈ പാരമ്പര്യമൊന്നു മാറ്റിപ്പിടിച്ചു. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും വിലപിടിപ്പുള്ള സാധനം ഉപയോഗിച്ചായിരുന്നു ഇവരുടെ ഹാരാർപ്പണം.
സവാള, വെളുത്തുള്ളി മാലകളായിരുന്നു ദമ്പതികൾ കഴുത്തിൽ അണിഞ്ഞത്. വില മാനംമുട്ടെ ഉയർന്നതോടെ ജനങ്ങൾ സ്വർണംപോലെയാണ് സവാളയെ പരിഗണിക്കുന്നത്. അതിനാലാണ് ദമ്പതികൾക്ക് ഉള്ളിമാല നൽകിയതെന്ന് സമാജ്വാദി പാർട്ടി നേതാവ് കമൽ പട്ടേൽ പറഞ്ഞു. സവാള വിലയിൽ പ്രതിഷേധിക്കാൻ കൂടിയാണ് വാരാണസി ദമ്പതികൾ വേറിട്ട വഴി തെരഞ്ഞെടുത്തത്.