ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി. ഫൈനലില്‍ പൊരുതിത്തോറ്റു റണ്ണറപ്പ് ആകുന്നവരും അധികം നിരാശപ്പെടേണ്ടിവരില്ല. ഒന്നരക്കിലോ ഉള്ളിയാണ് രണ്ടാം സമ്മാനം. ഇന്നു രാത്രി എട്ടിന് കാടകം കര്‍മംതൊടി ഫ്രണ്ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് “വിലയേറിയ’ സമ്മാനങ്ങളുമായി ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഡബിള്‍സ് ടീമുകളായാണ് മത്സരത്തിനിറങ്ങേണ്ടത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമും ഗ്രൗണ്ട് ഫീസായി 100 രൂപ വീതം നല്‍കണം. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അതിനെ നാലുമടങ്ങായി കവച്ചുവയ്ക്കുന്ന സമ്മാനവുമായി മടങ്ങാം. ഡിവൈഎഫ്ഐ കാടകം മൂടാംകുളം യൂണിറ്റാണ് മത്സരത്തിന്റെ സംഘാടകര്‍.
മത്സരാര്‍ഥികള്‍ എട്ടുമണിക്കുമുമ്പ് സ്ഥലത്തെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നേരത്തേ പെട്രോള്‍ വില ക്രമാതീതമായി ഉയര്‍ന്ന സമയത്തു ഇതേസ്ഥലത്ത് നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയിരുന്നു.