വ്യത്യസ്തമായ വേഷവിധാനം കൊണ്ട് തന്റേതായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടുവരുന്ന ഗായികയാണ് സയനോര. നിരവധി തവണ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിയും വന്നിട്ടുണ്ട് ഗായികയ്ക്ക്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന് നേരെ നിരവധി കമന്റുകളാണ് എത്തിയത്. ഇതിനെതിരേയാണ് സയനോര രംഗത്തെത്തിയത്.
തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്നും കാലുകൾ ഇനിയും കാണിക്കുമെന്നും കാണാൻ താൽപര്യമില്ലാത്തവർ പൊയ്ക്കോളൂ എന്നുമാണ് ഗായിക പറഞ്ഞത്.
“”ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെ നിന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല.
കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും.!! നിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല.
ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live ! ഇതിന്റെ അർഥം മനസിലാകാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല.” സയനോര കുറിച്ചു.
നിരവധി പേരാണു ഗായികയ്ക്കു പിന്തുണയറിയിച്ചു രംഗത്തെത്തുന്നത്. ഇതിനുമുൻപും നിരവധി തവണ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട് സയനോര.